551 ജില്ലാ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ ഉടൻ,​ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് തുക

Monday 26 April 2021 12:20 AM IST

ന്യൂഡൽഹി: ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുദിനം രൂക്ഷമാവുകയും, രാജ്യത്തെ ഞെട്ടിച്ച് രോഗികളുടെ കൂട്ടമരണം ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ ആശുപത്രികളോടനുബന്ധിച്ച് 551 മെഡിക്കൽ ഓക്സിജൻ നിർമ്മാണ പ്ളാന്റുകൾ നിർമ്മിക്കാൻ അടിയന്തര കേന്ദ്ര നടപടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. നിർമ്മാണം എത്രയും വേഗം തുടങ്ങാനാണ് നിർദ്ദേശം.

ഡൽഹിയിലെ രണ്ട് ആശുപത്രികളിലായി രണ്ടു ദിവസത്തിനിടെ പ്രാണവായു ലഭിക്കാതെ 45 രോഗികൾ മരിച്ചതിനു പിന്നാലെ, ഇന്നലെ ഹരിയാനയിലെ റെവാരിയിലും ഓക്സിജൻ ലഭിക്കാതെ നാലു പേർ മരിച്ചിരുന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വൈകുന്നതിന്റെ പേരിൽ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തുക കൂടി ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒാക്സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലെ ജില്ലാ ആശുപത്രികൾക്കായിരിക്കും മുൻഗണന.

അന്തരീക്ഷവായു സ്വീകരിച്ച് ഒാക്സിജൻ വേർതിരിച്ചെടുക്കുന്ന പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി.എസ്.എ) രീതിയായിരിക്കും പ്ളാന്റുകളിലേത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സംവിധാനം ഈ പ്ളാന്റുകളിലെ ഉത്പാദനം നിയന്ത്രിക്കുകയും ആശുപത്രികൾക്കുള്ള വിഹിതം അനുവദിക്കുകയും ചെയ്യും. ജില്ലയിലെ മറ്റ് ആശുപത്രികൾക്കും ഇവിടെ നിന്ന് ഓക്സിജൻ ലഭ്യമാക്കും.

162 പ്ലാന്റുകളിൽ സജ്ജമായത് 33

ഈ വർഷം ആദ്യം 162 പ്ളാന്റുകൾ നിർമ്മിക്കാൻ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് 201.58 കോടിരൂപ അനുവദിച്ചിരുന്നു. 33 എണ്ണമാണ് പ്രവർത്തന സജ്ജമായത്. 59 എണ്ണം ഈ മാസം അവസാനം പ്രവർത്തനം തുടങ്ങും. 80 എണ്ണം മേയിലേ സജ്ജമാവൂ. ഇവയിൽ നിന്ന് മൊത്തം 154.19 ടൺ ഓക്സിജൻ ലഭിക്കും. ഈ വർഷം ആകെ അനുവദിച്ച പ്ളാന്റുകൾ 713.

പ്രതിദിന ഒാക്സിജൻ ആവശ്യം

കൊവിഡിന് മുമ്പ് ................... 700 ടൺ

ഒന്നാം ഘട്ടം കൊവിഡിന്.......... 2800 ടൺ

രണ്ടാം തരംഗം കൊവിഡിന്..... 5000 ടൺ

വ്യാവസായിക ആവശ്യങ്ങൾക്ക്

ഉൾപ്പെടെ മൊത്തം ഉല്പാദനം.... 7100 ടൺ

കേരളത്തിലെ പ്രതിദിന ഉത്പാദനം

2020 ഏപ്രിൽ ................ 99.39 ടൺ

2021 ഏപ്രിൽ................. 219 ടൺ

നിലവിലെ സാഹചര്യത്തിൽ

പരമാവധി ആവശ്യം .....103.51ടൺ

വടക്കഞ്ചേരിയിൽ പ്ലാന്റ്

കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കുന്നതിന് പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) അനുമതി നൽകി. സ്വകാര്യമേഖലയിലെ പ്ളാന്റ് ജൂണിൽ പൂർത്തിയാക്കും.

ദ്രവരൂപത്തിലും വാതകരൂപത്തിലും ഓക്സിജൻ നിർമിക്കുന്ന പ്ളാന്റിൽ 40 കിലോലിറ്റർ സംഭരിക്കാനും കഴിയുമെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ.ആർ. വേണുഗോപാൽ അറിയിച്ചു.

ഡൽഹിയിൽ അനുവദിച്ച ഇത്തരം പ്ളാന്റുകൾ തുടങ്ങാത്തതാണ് അവിടുത്തെ ഓക്സിജൻ പ്രതിസന്ധിക്ക് കാരണമെന്നും വിലയിരുത്തലുണ്ട്.