ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു

Monday 26 April 2021 12:35 AM IST

ന്യൂഡൽഹി: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രാജൻ മിശ്ര (70) കൊവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിശ്രയ്ക്ക് ഓക്സിജൻ ആവശ്യമാണെന്ന സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്മഭൂഷൺ ജേതാവാണ്.

ഇളയ സഹോദരൻ പണ്ഡിറ്റ് സാജൻ മിശ്രയ്‌ക്കൊപ്പമാണ് സംഗീത കച്ചേരികൾ നടത്തിയിരുന്നത്. രാജൻ - സാജൻ മിശ്ര സഹോദരന്മാർ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖയാൽ ശൈലിയിൽ ലോകപ്രശസ്‌തരായിരുന്നു.

വാരണാസി സ്വദേശിയായ രാജൻ മിശ്ര ബനാറസ് ഘരാന പാരമ്പര്യത്തിലെ മികച്ച സംഗീതജ്ഞനാണ്. ഇരുവരുമൊന്നിച്ച ഭൈരവ് സേ ഭൈരവി തക്, ദുർഗതി നാശിനി ദുർഗ, ഭക്തിമാല തുടങ്ങിയ സൃഷ്ടികൾ പ്രശസ്തമാണ്. 1978ൽ ശ്രീലങ്കയിലായിരുന്നു ആദ്യ കച്ചേരി. 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സംഗീത അക്കാഡമി അവാർഡും ലഭിച്ചു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.