കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ വിധ സഹായവും നൽകും : യു.എസ്
വാഷിംഗ്ടൺ : ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് യു.എസ്. ഇതിനായി ഇന്ത്യൻ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങൾ , അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ അമേരിക്ക അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായത് സങ്കടകരമായ വാർത്തയാണെന്നും പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക ഇന്ത്യയോടൊപ്പമുണ്ടെന്നും ബ്ലിങ്കൺ പറഞ്ഞു. ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് രാജ്യത്തിന് കൂടുതൽ മെഡിക്കൽ സഹായം എത്തിക്കുന്നുണ്ടെന്നും ബ്ലിങ്കൻ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവശ്യസാധനങ്ങളും ഓക്സിജൻ ക്ഷാമവും രൂക്ഷമായപ്പോൾ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ജനപ്രതിനിധികൾ,യുഎസ് സമൂഹത്തിലെ പ്രമുഖ ഇന്ത്യൻ വംശജർ എന്നിവരുൾപ്പെടെയുള്ളവർ ഇന്ത്യയ്ക്ക് സഹായമെത്തിക്കണമെന്ന ആവശ്യവുമായി ബൈഡൻ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് വാക്സിൻ ഉൽപാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, കൊറോണ പ്രതിരോധ വാക്സിൻ, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ എത്തിക്കണമെന്ന ആവശ്യവുമാണ് ഇവർ ഉന്നയിച്ചത്.
കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ യുഎസ് ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ അമേരിക്ക ഇതിന് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിലെ വാക്സിൻ ക്ഷാമം രൂക്ഷമാക്കി.
യുഎസിന്റെ വാക്സിൻ സംഭരണത്തിൽ നിന്ന് ഇന്ത്യയ്ക്കും മറ്റ് വാക്സിൻ ആവശ്യമുള്ള രാജ്യങ്ങൾക്കും നൽകണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാർക്കി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ സഹായമെത്തിക്കുമെന്ന് ബൈഡന്റെ വക്താവായ ജെൻ സാക്കി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള വാക്സിൻ കയറ്റുമതിയോ വാക്സിൻ നിർമാണത്തിനാവസ്യമായ അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ചോ സാക്കി പ്രതികരിച്ചിരുന്നില്ല.
അതേ സമയം ഇന്ത്യയിലെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനും ജർമ്മനിയും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സഹായഹസ്തവുമായി സിംഗപ്പൂർ
സിംഗപ്പൂർ :കൊവിഡ്വ്യാപനത്തിൽവലയുന്നഇന്ത്യയ്ക്ക്അടിയന്തിര സഹായമെത്തിച്ച് സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരിൽ നിന്ന് നാല് കണ്ടെയ്നറുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുള്ള അനയന്ത്രിതമായ വർദ്ധനവ് ഇന്ത്യയിൽ ഓക്സിജൻക്ഷാമം രൂക്ഷമാക്കിയ സാഹചര്യത്തിൽ ആശ്വാസമായാണ് സഹായമെത്തിയത്. കണ്ടെയ്നറുകൾ വഹിച്ചുള്ള വിമാനങ്ങൾ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തിൽ എത്തി. ഇത്കൂടാതെ ഫ്രാൻസും ഓസ്‌ട്രേലിയയും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്