ഇതിഹാസതാരം ഹോപ്കിൻസിന് വീണ്ടും ഓസ്കാർ, ചരിത്രം രചിച്ച് ഷാവോ

Tuesday 27 April 2021 6:56 AM IST

അഭിനയ പ്രതിഭ ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ഓസ്കാർ വീണ്ടും നേടി ഇതിഹാസം രചിച്ചപ്പോൾ നൊമാഡ് ലാൻഡിലൂടെ ചൈനീസ് വംശജയായ ക്ളോയി ഷാവോ പ്രധാന അവാർഡുകൾ തൂത്തുവാരി ചരിത്രം കുറിച്ചു.

ഷാവോയുടെ ചരിത്ര നേട്ടം

മികച്ച ചിത്രം, സംവിധായിക , നടി എന്നീ മൂന്ന് അവാർഡുകളും ഷാവോ സംവിധാനം ചെയ്ത നൊമാഡ്ലാൻഡിന് ലഭിച്ചു.ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയായി ഷാവോ മാറി. ' നൊമാഡ്ലാൻഡ് -സർവൈവിംഗ് അമേരിക്ക ഇൻ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി ' എന്ന പേരിൽ ജെസീക്കാ ബ്രൂഡർ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തത്.വെനീസ് ഫിലിം ഫെസ്റ്റിവലിൽ നൊമാഡ് ലാൻഡ് ഗോൾഡൻ ലയൺ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസിസ് മക്ഡർമണ്ട് മികച്ച നടിക്കുള്ള അംഗീകാരം നേടി. ബീജിംഗിൽ ജനിച്ച ഷാവോ അമേരിക്കയിൽ സ്വതന്ത്ര സംവിധായികയായി പ്രവർത്തിക്കുകയാണ്.സംവിധാനത്തിന് ഓസ്കാർ നേടുന്ന രണ്ടാമത്തെ വനിതയാണ് ഷാവോ. സോംഗ്സ് മൈ ബ്രദേഴ്സ് ടോട്ട് മീ ( 2015 ) ആയിരുന്നു ഈ 39 കാരിയുടെ ആദ്യചിത്രം.

ദി ഹർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെ 2010 ൽ പുരസ്കാരം നേടിയ കാതറിൻ ബിഗ് ലോവാണ് ആദ്യമായി ഓസ്കാർ പുരസ്കാരം സംവിധാനത്തിന് നേടിയ വനിത.അന്ന് കാതറീനോട് മത്സരിച്ചവരിൽ അവരുടെ മുൻ ഭർത്താവായ ജെയിംസ് കാമറൂണും ( അവതാർ ) ഉൾപ്പെട്ടിരുന്നു.

അതുല്യനടൻ

എൺപത്തിമൂന്നാമത്തെ വയസിലാണ് അതുല്യനടനായ ആന്റണി ഹോപ്കിൻസിന് മികച്ച് നടനുള്ള ഓസ്ക്കാർ രണ്ടാം വട്ടവും ലഭിക്കുന്നത്. ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായ ഫ്ളോറിയൻ സെല്ലർ സംവിധാനം ചെയ്ത ദി ഫാദറിൽ ഡിമൻഷ്യാ ബാധിച്ചയാളെ അവതരിപ്പിച്ചതിനാണ് ഹോപ്കിൻസിന് അവാർഡ് ലഭിച്ചത്. സൈലൻസ് ഓഫ് ദി ലാംപ്സിലെ അഭിനയത്തിന് 1994 ൽ ഹോപ്കിൻസിന് ഓസ്കാർ ലഭിച്ചിരുന്നു.2011 ൽ 82-ാമത്തെ വയസിൽ മികച്ചനടനുള്ള ഓസ്കാർ നേടിയ ക്രിസ്റ്റഫർ പ്ളമ്മറെ( ദി ബിഗിനേഴ്സ് ) യാണ് ഹോപ്കിൻസ് മറികടന്നത്.

നാട്ടുകാരനായ നടൻ റിച്ചാർഡ് ബർട്ടനിൽ നിന്ന് ആവേശം ഉൾക്കൊണ്ട ആന്റണി ഹോപ്കിൻസിനെ അതുല്യനടനും സംവിധായകനുമായ ലോറൻസ് ഒളീവിയറാണ് ഒരർത്ഥത്തിൽ ഹോപ്കിൻസിനെ കണ്ടെത്തിയതെന്നു പറയാം.ലണ്ടനിലെ റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നിന്ന് പരിശീലനം നേടിയ ഹോപ്കിൻസിനെ റോയൽ നാഷണൽ തിയറ്ററിലേക്ക് ക്ഷണിച്ചതും അദ്ദേഹമായിരുന്നു.തന്റെ തലമുറയിലെ ഏറ്റവും മികച്ച നടനെന്നാണ് റിച്ചാർഡ് ആറ്റൻബറോ ഹോപ്കിൻസിനെ വിശേഷിപ്പിച്ചത്.

മാൻകിന് 3 അവാർഡുകൾ

മികച്ച ചിത്രമടക്കം 10 നോമിനേഷനുകൾ നേടിയ ഡേവിഡ് ഫിഞ്ചറിന്റെ മാൻകിന് ഛായാഗ്രഹണം ,പ്രൊഡക്ഷൻ ഡിസൈൻ അടക്കം മൂന്ന് അവാർഡുകളെ ലഭിച്ചുള്ളു.മിനാരിയിലെ അഭിനയത്തിന് യുംഗ് യുംഗ് യോൻ മികച്ച സഹനടിയായും ജൂദാസ് ആൻഡ് ദി ബ്ളാക്ക് മെസയ്യയിലെ അഭിനയത്തിലൂടെ ഡാനിയൽ കലൂയയും നേടി.മികച്ച വിദേശഭാഷാ ചിത്രമായി അനദർ റൗണ്ടും മികച്ച മേക്കപ്പിനും കേശാലങ്കാരം ,വസ്ത്രാലങ്കാരം എന്നിവയ്ക്ക് മാ റെയിനീസ് ബ്ളാക്ക് ബോട്ടവും അർഹമായി.ജൂദാസ് ആൻഡ് ദി ബ്ളാക്ക് മെസയ്യ ബെസ്റ്റ് ഒറിജിനൽ സോംഗിനുള്ള അംഗീകാരം നേടി.