നാലാം വട്ടവും വിരുന്നെത്തിയ മധുരം

Tuesday 27 April 2021 2:53 AM IST

വാഷിംഗ്ടൺ: നായകന്റെ നിഴലായി മാറുന്ന നായിക കഥാപാത്രങ്ങളോടല്ല മറിച്ച് മികച്ച തിരക്കഥയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഫ്രാൻസസ് മക്ഡൊർമൻഡിന് ഏറെയിഷ്ടം. ഫേണ്‍ എന്ന നൊമാഡ്‌ലാന്‍ഡിലെ ശക്തമായ കഥാപാത്രത്തിലൂടെ നാലാം വട്ടവും ഓസ്കർ പുരസ്കാരത്തിന് അർഹയായപ്പോൾ, അഹങ്കരിക്കാനോ അമിതാഹ്ലാദം പ്രകടിപ്പിക്കാനോ അവർ തയ്യാറല്ല. നല്ല കഥാപാത്രങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് ഫ്രാൻസസ് പുരസ്കാരങ്ങളെ കാണുന്നത്.

 ജീവിതം കല്ലും മുള്ളും നിറഞ്ഞത്

നിക്കല്‍സൻ - നൊറീൻ മെക്‌ഡൊമാന്‍ഡ് ദമ്പതിമാരുടെ എട്ടാമത്തെ പുത്രിയായിരുന്നു ഫ്രാൻസസ്. എട്ടുപേരെയും ദമ്പതിമാർ ദത്തെടുത്തതായിരുന്നു. സിന്ധ്യ ആന്‍ സ്മിത്തെന്നായിരുന്നു ഫ്രാൻസസിന്റെ ചെറുപ്പത്തിലെ പേര്. പിന്നിടത്,

ഫ്രാന്‍സസ് ലൂയിസ് മെക്‌ഡൊര്‍മാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്തു. ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന അനാഥത്വത്തിന്റെ കയ്പ് എന്നും ഫ്രാൻസസിന്റെ മനസിൽ തങ്ങി നിന്നിരുന്നു. ജീവിത ഗന്ധിയായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഫ്രാൻസസിനെ അത് സഹായിച്ചു. അതിഭാവുകത്വമില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫ്രാൻസസ് ഏവരുടേയും പ്രിയം നേടി. ഫാർഗോയിലെ ഗർഭിണിയായ പൊലീസ് ഓഫീസർ മാർഗെ ഗുണ്ടേഴ്‌സൺ, മകളെ ബലാത്സംഗം ചെയ്തവരെ പിടികൂടാൻ വഴിയിരികിൽ മൂന്ന് കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ച മില്‍ഡ്രഡ് ഹെയ്‌സ് എന്നിങ്ങനെ നിരവധി സ്ത്രീപക്ഷ സിനിമകളിൽ അവർ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. എല്ലാ ചിത്രങ്ങളിലും തന്റേതായ ഒരു മുദ്ര പതിപ്പിക്കാന്‍ മെക്‌ഡൊര്‍മന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. നാലാം വട്ടവും ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയ നോമാഡ്‌ലാൻഡിലെ ഫേണായി അക്ഷരാർത്ഥത്തിൽ ഫ്രാൻസസ് ജീവിക്കുകയായിരുന്നു. , ഭര്‍ത്താവ് മരിക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്തശേഷം നാടോടിയായി അലയേണ്ടിവന്ന ഫേണിനെ അവർ തന്റെ ആത്മാവിലേക്ക് ആവാഹിച്ചു. കഥാപാത്രത്തിലേക്ക് പൂർണമായി ഇറങ്ങിച്ചെല്ലാനുള്ള ഫ്രാൻസസിന്റെ കഴിവിനെ സംവിധായകയായ ക്ലൂയി ചാവോ നന്നായി വിനിയോഗിക്കുകയും ചെയ്തു. പുരസ്കാര നിറവിനിടയിലും തന്റെ പുതിയ ചിത്രമായ ദ ട്രാജ‌ഡി ഒഫ് മാക്ബത്തിലെ ലേഡി മാക്ബത്തെന്ന കഥാപാത്രം അത്യുജ്വലമാക്കാനുള്ള തയ്യാറെടുപ്പിലാണവർ.