ന്യുമോണിയയ്ക്കുള്ള മരുന്നിന് കാസർകോട്ട് കടുത്ത ക്ഷാമം

Monday 26 April 2021 9:54 PM IST

കാഞ്ഞങ്ങാട്: കൊവിഡ് രോഗികളിൽ അപകടകരമായ രീതിയിൽ ന്യൂമോണിയ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാസർകോട് ജില്ലയിൽ ഇതിനുള്ള മരുന്നിന് കടുത്ത ക്ഷാമം.'റംസ്ഡിസിവർ' എന്ന മരുന്നാണ് ജില്ലയിൽ തീരെ കിട്ടാനില്ലാത്.ഇത് ഇൻജക്ഷനായി നൽകുന്ന മരുന്നാണ്. നേരത്തെ അയ്യായിരം രൂപയിൽ ഇത് മാർക്കറ്റിൽ ലഭ്യമായിരുന്നു.

എന്നാൽ കൊവിഡ് പ്രോട്ടോക്കാൾ നിലവിൽ വന്നതിന് ശേഷം ആയിരം രൂപയ്ക്ക് മാത്രമെ ഈ മരുന്നിന് ഈടാക്കാൻ പാടുള്ളുവെന്ന നിയമം വന്നതോടെയാണ് ക്ഷാമം തുടങ്ങിയത്. കമ്പനികൾ ഇത് ഇറക്കുന്നില്ലായെന്നാണ് മരുന്ന് വിതരണക്കാർ പറയുന്നത്. കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങി ജില്ലയിലെ ഒരു ടൗണിലും ഈ മരുന്ന് കിട്ടാനില്ല. ന്യൂമോണിയ ഇൻജക് ഷനുള്ള മരുന്ന് ദൗർഭല്യമുള്ള കാര്യം ആരോഗ്യവകുപ്പും സമ്മതിക്കുന്നുണ്ട്.

ന്യൂമോണിയ ബാധിച്ച കൊവിഡ് പോസിറ്റീവ് രോഗികളുടെ അവസ്ഥ ഗുരുതരമാകാറാണ് പതിവ്. അതു കൊണ്ട് തന്നെ ഈ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ അടക്കമുള്ളവർ ശ്രമിക്കണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം. കൊവിഡ് പോസിറ്റീവ് കാലത്ത് ഇത്തരത്തിലുള്ള മരുന്നിന്റെ ക്ഷാമം പരിഹരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ പറഞ്ഞു.

കൊവിഡ് കാലത്തെ അപകടകാരി

കൊവിഡ് രോഗികളിൽ ന്യുമോണിയ പിടിപ്പെടുമ്പോൾ അപകട സാദ്ധ്യതകളേറെയാണെന്നാണ് വിദഗ്ധർ പറയുന്നത്.ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡിൽ നിന്ന് ആളുകൾ എളുപ്പത്തിൽ രക്ഷ നേടുന്നുണ്ട്. എന്നാൽ ന്യുമോണിയ ബാധിച്ചവരുടെ കാര്യം അങ്ങനെയല്ല. അവരിൽ ചികിത്സാഫലം കാണാനുള്ള സാദ്ധ്യതകൾ കുറവായി വരും. ശ്വാസകോശം പ്രശ്നത്തിലാകുന്നതോടെ ശരീരത്തിൽ വേണ്ട വിധത്തിൽ ഓക്സിജൻ വിതരണം നടക്കാതെ വരും. ഇത് പല അവയവങ്ങളുടേയും പ്രവർത്തനത്തെ ബാധിച്ചേക്കാം. വൃക്ക തകരാറിലാകാനും, ഹാർട്ട് ഫെയിലിയർ സംഭവിക്കാനുമെല്ലാം ഇത് കാരണമാകുന്നുണ്ട്.