ദക്ഷിണ കൊറിയയിലെ മഞ്ജു വാര്യർ

Tuesday 27 April 2021 5:23 AM IST

സിയോൾ: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ യോൻ യൂ ജംഗ് കാത്തിരിക്കേണ്ടി വന്നത് 72 വയസ് വരെയാണ്. ദക്ഷിണ കൊറിയൻ സിനിമ - സീരിസ് മേഖലകളിൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സ്ഥിരസാന്നിദ്ധ്യമാണ് യോൻ. മലയാള സിനിമയിലെ ലേഡി സൂപ്പ‌സ്റ്റാർ മഞ്ജു വാര്യറിന്റെ ജീവിതത്തിന് സമാനമാണ് യോനിന്റേതും. 1974 ൽ ദക്ഷിണകൊറിയൻ ഗായകനും എഴുത്തുകാരനുമായ ജോ യോംഗ് നാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി അവർ ഇടവേളയെടുത്തു. പിന്നീട് 1984 ൽ വിവാഹമോചനം നേടിയതോടെ യോൻ വീണ്ടും സിനിമയിൽ സജീവമായി. ഫയർവുമൺ, ദ ബാച്ചസ് ലേഡി, എ ഗുഡ് ലോയേഴ്‌സ് വൈഫ്, ദ ഹൗസ്‌മെയ്ഡ് എന്നിവയാണ് പ്രധാന സിനിമകൾ.

മിനാരിയിലേക്ക് ക്ഷണം കിട്ടിയപ്പോൾ, യോൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. അസുഖങ്ങളെ പോലും അവഗണിച്ച് അമേരിക്കയിലേക്ക് പറന്നു. മിനാരിയിലെ സുഞ്ചാ എന്ന കഥാപാത്രത്തെ യോംഗ് മികച്ചതാക്കി. മിനാരിയിലെ അഭിനയത്തിന് ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരമടക്കമുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ഈ പുരസ്‌കാരങ്ങൾ ആദ്യമായി സ്വന്തമാക്കുന്ന കൊറിയന്‍ നടി എന്ന പട്ടവും യോംനിന് സ്വന്തം.