ആംബുലൻസ് ലഭിച്ചില്ല, അച്ഛന്റെ മൃതദേഹം കാറിന്റെ മുകളിൽ കെട്ടി ശ്മശാനത്തിലെത്തിച്ച് മകൻ

Tuesday 27 April 2021 12:40 AM IST

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ അച്ഛന്റെ മൃതദേഹം ശ്‌മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനാൽ, മൃതശരീരം കാറിന് മുകളിൽ കെട്ടിവച്ച് യാത്ര ചെയ്ത് മകൻ. മണിക്കൂറുകളോളം നഗരത്തിൽ അലഞ്ഞശേഷം മോക്ഷധാമിലെ തിരക്കേറിയ ശ്മശാനത്തിൽ ഒരിടം ലഭിച്ചു. മകൻ അച്ഛന്റെ അന്ത്യകർമങ്ങൾ നടത്തി. പേരു വെളിപ്പെടുത്തരുതെന്നായിരുന്നു മകന്റെ അഭ്യർത്ഥന.

കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രികളിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ ആംബുലൻസ് സർവീസ് ലഭിക്കാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ആംബുലൻസിന് പകരം മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയാണ് ജനങ്ങൾ. കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന ആഗ്രയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് നഗരത്തിൽ.

സർക്കാർ പുറത്തു വിടുന്ന കണക്കുകളേക്കാൾ അധികമാണ് അനൗദ്യോഗികകണക്കുകളെന്നാണ് റിപ്പോർട്ട്. അറുനൂറിലധികം പ്രതിദിനകേസുകളാണ് ആഗ്രയിൽ റിപ്പോർട്ട് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 35 പേരാണ് കോവിഡ് മൂലം മരിച്ചത്. മരിച്ചവരെ ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസിനായി ആറ് മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ. സ്വകാര്യ ആശുപത്രികൾ പുതിയ രോഗികൾക്ക് പ്രവേശനം നൽകാതെ മടക്കി അയക്കുകയാണ്.

രോഗവ്യാപനം വർധിക്കുന്നതിൽ ബി.ജെ.പി സർക്കാരിന്റെ പിടിപ്പുകേടാണെന്ന് സമാജ് വാദി ജില്ലാ അദ്ധ്യക്ഷൻ രാംഗോപാൽ ഭാഗേ കുറ്റപ്പെടുത്തി. കൊവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസംസ്ഥാനസർക്കാരുകൾ പരാജയപ്പെട്ടതായും ഭാഗെ കൂട്ടിച്ചേർത്തു. അതിനിടെ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും സ്ഥിതി ഗതികൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു.