മുതിർന്ന ആണവ ശാസ്ത്രജ്ഞൻ കെ. സന്താനം അന്തരിച്ചു

Tuesday 27 April 2021 12:49 AM IST

ന്യൂഡൽഹി: മുതിർന്ന ആണവ ശാസ്ത്രജ്ഞൻ കൃഷ്ണമൂർത്തി സന്താനം അന്തരിച്ചു. ഇന്ത്യൻ ശാസ്ത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കി 1999ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

തമിഴ്നാട് സ്വദേശിയായ സന്താനം 1998 ലെ പൊഖ്‌റാൻ -2 ആണവ പരീക്ഷണത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. പരീക്ഷണ സമയത്ത് ഡി.ആർ.ഡി.ഒയുടെ ഫീൽ‌ഡ് ഡയറക്ടറായിരുന്നു അദ്ദേഹം.

ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ,​ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി,​ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്,​ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ അനുശോചിച്ചു. ഇന്ത്യൻ പ്രതിരോധ രംഗത്തിന് വലിയ നഷ്ടമാണിതെന്നും അവർ പറഞ്ഞു.