ഗ​ഗ​ൻ​യാ​ന്റെ​ ​ആ​കാ​ശ​ദൂ​ത​രാ​യി​ ​ഇ​ര​ട്ട​കൾ

Monday 26 April 2021 11:48 PM IST

തിരുവനന്തപുരം: ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാനിന് ആകാശ സുരക്ഷയൊരുക്കാൻ ഡേറ്റാ റിലേ സാറ്റലൈറ്റ് ആദ്യമേ പുറപ്പെടും. രണ്ട് ഉപഗ്രഹങ്ങളടങ്ങിയ സുരക്ഷാ സംവിധാനമാണിത്. ഇവയുടെ നിരീക്ഷണത്തിലായിരിക്കും സദാസമയവും ഗഗൻയാൻ.

ആദ്യമായാണ് ഇന്ത്യ ഇത്തരം ഉപഗ്രഹം അയയ്ക്കുന്നത്. ഗഗൻയാനിൽ നിന്നുള്ള സന്ദേശങ്ങൾ ഞൊടിയിടയിൽ ഭൂമിയിലെ നിയന്ത്രണകേന്ദ്രങ്ങളിലെത്തിക്കാനും ഗഗൻയാനിനെ സദാസമയും ട്രാക്ക് ചെയ്യുന്നതിനുമാണിത്.

ഭൂമിയിലെ സ്റ്റേഷനുകൾ ദൃശ്യമല്ലാതിരിക്കുകയോ, ബന്ധം മുറിയുകയോ ചെയ്താൽ റിലേ ഉപഗ്രഹം ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കും. ഗഗൻയാൻ പേടകം അയക്കുന്നതിന് മുമ്പായി ഇത് വിക്ഷേപിച്ച് പ്രവർത്തനസജ്ജമാക്കും.

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബാംഗ്ളൂരിന് പുറമെ മൗറീഷ്യസ്, ബ്രൂണായ്. ഇന്തോനേഷ്യയിലെ ബിയാക എന്നിവിടങ്ങളിലും ആസ്ട്രേലിയയിലെ കോകോ ദ്വീപിലും ഇന്ത്യ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമായ 2022 ൽ ഇന്ത്യക്കാരൻ സ്വന്തം പേടകത്തിൽ ബഹിരകാശത്തെത്തുകയാണ് ലക്ഷ്യം. മുന്നോടിയായി ആളില്ലാത്ത മനുഷ്യപേടകം ഇൗ വർഷം വിക്ഷേപിക്കും.

ഡേറ്റാ റിലേ സാറ്റലൈറ്റ്

ഉപഗ്രഹങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ഭൂമിയിലെ നിയന്ത്രണകേന്ദ്രങ്ങളിലേക്കും തിരിച്ചും കൈമാറുന്നതിനുള്ള ഇടത്താവളമായും വാർത്താവിനിമയകേന്ദ്രമായും പ്രവർത്തിക്കും.

നാസയ്ക്ക് 2011 മുതലും യൂറോപ്യൻ സ്പെയ്സ് ഏജൻസിക്ക് 2019 മുതലും സംവിധാനമുണ്ട്.

ചെലവ്....800 കോടി

ഉപഗ്രഹങ്ങൾ...2

ഭാരം......... 3000 കിലോ ( ഓരോന്നിനും )

സ്ഥാനം: ഭൂമിയുടെ ഉത്തരാർദ്ധത്തിലും ദക്ഷിണാർദ്ധത്തിലും

ദൃഷ്ടിപഥത്തിൽ.ഭൂമിയുടെ 80%

സാങ്കേതിക സംവിധാനം: ശക്തിയേറിയ ആന്റിനകളും ട്രാൻസ്പോണ്ടറുകളും

വിക്ഷേപണം:

2021..... ഡേറ്റാ സാറ്റലൈറ്റ്

2022..... ഗഗൻയാൻ

ഭ്രമണം

35000 കിലോമീറ്റർ ഉയരെ ഭൂസ്ഥിരപഥം

400 കിലോമീറ്റർ ഉയരെ (ഗഗൻയാൻ)

ലക്ഷ്യം

*ഗഗൻയാനുമായുള്ള ഒാഡിയോ,വീഡിയോ, ഡാറ്റാ,ട്രാക്കിംഗ് ബന്ധം നിലനിറുത്തുക

*ഗഗൻയാനൊപ്പം മറ്റ് ഉപഗ്രഹങ്ങളെയും നിരീക്ഷിക്കുക

*അന്റാർട്ടിക്കയിലെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നുള്ള ഡാറ്റാ ട്രാൻസ്ഫർ സാധ്യമാക്കുക.