വാക്സിൻ വില കുറയ്ക്കണമെന്ന് നിർമ്മാതാക്കളോട് കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് വാക്സിനുകളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നിവർക്ക് കേന്ദ്ര സർക്കാർ കത്തെഴുതി. വില കൂട്ടി കമ്പനികൾ മഹാമാരി സമയത്ത് ലാഭം കൊയ്യുന്നെന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി.
വാക്‌സിനുകളുടെ വില സംബന്ധിച്ച് ഇന്നലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഡയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്. വാക്സിൻ ക്ഷാമം നിലനിൽക്കുകയും 18 വയസിന് മുകളിലുള്ളവർക്കും മേയ് ഒന്നുമുതൽ വാക്‌സിൻ നൽകാനിരിക്കെയുമാണ് കേന്ദ്ര ഇടപെടൽ.
കൊവിഷീൽഡിന്റെ ഒരു ഡോസിന് സംസ്ഥാന സർക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഐ.സി.എം.ആറുമായി ചേർന്ന് ഇന്ത്യയിൽ തന്നെ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുന്നത്. ഇരു വാക്‌സിനുകളും കേന്ദ്രത്തിന് 150 രൂപയ്ക്കാണ് നൽകുന്നത്.