മാരുതിക്ക് ലാഭം ₹1,166 കോടി; വരുമാനക്കുതിപ്പ് 32%

Wednesday 28 April 2021 12:00 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) നാലാംപാദമായ ജനുവരി-മാർച്ചിൽ 1,166.1 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 1,291.7 കോടി രൂപയേക്കാൾ 9.7 ശതമാനം കുറവാണിത്. അതേസമയം, പ്രവർത്തന വരുമാനം 18,198.7 കോടി രൂപയിൽ നിന്ന് 32 ശതമാനം മുന്നേറി 24,023.7 കോടി രൂപയായി.

നികുതി, പലിശ തുടങ്ങിയവയ്ക്ക് മുമ്പുള്ള വരുമാനം (എബിറ്റ്ഡ) 28.8 ശതമാനം ഉയർന്ന് 1,991.4 കോടി രൂപയിലെത്തി. 2020-21ലെ മൊത്തം ലാഭം 25.1 ശതമാനം താഴ്‌ന്ന് 4,229.7 കോടി രൂപയാണ്. കൊവിഡിൽ വിപണി നിർജീവമായതും അസംസ്കൃതവസ്‌തുക്കളുടെ വിലക്കയറ്റം മൂലം ഉത്പാദനച്ചെലവേറിയതുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഓഹരിയൊന്നിന് 45 രൂപ വീതം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

വാഹന വില്പനയിൽ

28 ശതമാനം കുതിപ്പ്

ജനുവരി-മാർച്ചിൽ മാരുതി സുസുക്കിയുടെ വില്പന 28 ശതമാനം ഉയർന്നു. 4.92 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതിൽ 4.56 ലക്ഷവും ആഭ്യന്തര വിപണിയിലാണ്; വർദ്ധന 26.7 ശതമാനം. കയറ്റുമതി 44.4 ശതമാനം ഉയർന്ന് 35,528 യൂണിറ്റുകളിലെത്തി.