മൻസൂർ വധം: ഒളിവിൽപ്പോയ പ്രതിയുടെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു

Wednesday 28 April 2021 12:00 AM IST

പാനൂർ: പാനൂർ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ വധക്കേസിലെ പത്താം പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായ പി.പി ജാബിറിന്റെ മുക്കിൽപീടികയിലെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. വീടിനു പിന്നിലെ ഷെഡ്ഡിൽ ഉണ്ടായിരുന്ന കാറും രണ്ട് ബൈക്കുമാണ് പൂർണമായും കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. തീവയ്പിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കുടുംബത്തെ ഇല്ലാതാക്കാനാണ് മുസ്ലിം ലീഗ് പ്രവർത്തകർ ശ്രമിച്ചതെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു.

വീടിനു പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇറങ്ങിയോടി. വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തിയതിനാൽ വീടിനു അകത്തേക്ക് തീ പടർന്നില്ല. കേസിലെ പ്രതിയും സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവുമായ ജാബിർ ഒളിവിലാണ്. പ്രതിയെ പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. രണ്ടുപേർ വീടിനു സമീപത്തു നിന്ന് ഓടിപ്പോകുന്നതായി കണ്ടുവെന്ന് ജാബിറിന്റെ ഭാര്യാപിതാവ് പൊലീസിന് മൊഴി നൽകി.

 ഒരു പ്രതി കൂടി പിടിയിൽ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിലായി. സി.പി.എം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭ് ആണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു.