കൊവിഡ് രോഗി മരിച്ചു, ഡോക്ടർമാരെയും നഴ്സുമാരെയും ബന്ധുക്കൾ ആക്രമിച്ചു

Wednesday 28 April 2021 12:56 AM IST

ന്യൂഡൽഹി: കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ഡോക്ടർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. ഡൽഹി സരിത വിഹാറിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. ഐ.സി.യു ബെഡ് ലഭ്യമല്ലാത്തതിനാൽ എമർജൻസി വാർഡിലായിരുന്നു മരിച്ച 62കാരിയെ പ്രവേശിപ്പിച്ചത്. രാവിലെ എട്ടുമണിയോടെ ഇവർ മരിച്ചു. തുടർന്ന് കുടുംബാംഗങ്ങളിൽ ചിലർ ഡോക്ടമാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും ആക്രമിച്ചു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടർമാർക്കടക്കം പരിക്കേറ്റിട്ടുണ്ട്. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. രോഗി ആശുപത്രിയിലെത്തുമ്പോൾ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഉടൻ തന്നെ ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഐ.സി.യു ബെഡ് ലഭ്യമായ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബാംഗങ്ങളോട് നിർദ്ദേശിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. കൊവിഡ് മരണങ്ങളുയരുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.