വ്യാപാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി; മുപ്പത് ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടതായി ഭാര്യ

Wednesday 28 April 2021 4:24 PM IST

കോഴിക്കോട്: വ്യാപാരിയായ തൊടുകയിൽ അബ്‌ദുൽ കരീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് പതിമംഗലം സ്വദേശിയാണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കാരന്തൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോചിപ്പിക്കാൻ 30 ലക്ഷം രൂപ നൽകണമെന്ന് ഒരു സംഘം ഫോണിലൂടെ അറിയിച്ചതായി കരീമിന്റെ ഭാര്യ പറഞ്ഞു.

തിങ്കളാഴ്‌ച വീട്ടിൽ നിന്നിറങ്ങിയ അബ്‌ദുൽ കരീം തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കൾക്ക് ചൊവ്വാഴ്ച ഫോൺ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നൽകിയാൽ വിട്ടു നൽകാമെന്നുമായിരുന്നു സന്ദേശം. എന്നാൽ ഇത്രയും തുക പെട്ടെന്ന് നൽകാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നൽകണമെന്നായി സംഘം. അബ്‌ദുൽ കരീം തന്നെ ഭാര്യ ജസ്നയെ വിളിച്ചു. ഭയത്തോടെയാണ് കരീം സംസാരിച്ചതെന്ന് ജസ്ന പറയുന്നു.

പ്രശ്‌നത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർ‍ത്തകനായ നൗഷാദ് തെക്കയിലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നാദാപുരത്തും തൂണേരിയിലും സമാനമായ തട്ടിക്കൊണ്ട് പോകലുകൾ ഉണ്ടായിരുന്നു. ഈ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടു പോയവർ തിരിച്ചെത്തിയിരുന്നു.

സ്വർണക്കടത്തും മറ്റു അനധികൃത പണമിടപാടുകളുമായും ബന്ധപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടു പോകുന്ന പരിപാടി ഇപ്പോൾ സ്ഥിരമായിട്ടുണ്ടെന്നാണ് പൊലീസുകാർ പറയുന്നത്. ബംഗളൂരുവിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്‌ദുൽ കരീമിന് ചില പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിന്റെ വ്യാപാര പങ്കാളിയായ ഷെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.