പ്രതിരോധ പ്രവർത്തനം പാളുന്നു

Thursday 29 April 2021 12:16 AM IST

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ക്വാറന്റൈൻ മാനേജ്‌മെന്റ് കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായ നടപടികൾ സ്വീകരിക്കുകയും പുതുതായി ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ജില്ലാ കളക്ടറുടെ നിർദേശം.

എന്നാൽ മിക്ക പഞ്ചായത്തുകളിലും എത്ര കൊവിഡ് രോഗികൾ ഉണ്ടെന്ന കണക്ക് പോലും അധികൃതർ അറിയുന്നില്ല. കൊവിഡ് പോസീറ്റാവായ വ്യക്തി വീടുകളിലാണ് ക്വാറന്റൈനിൽ നിൽക്കുന്നതെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രത്യേക സക്വാഡ് ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്. ഈ വ്യക്തിയുമായി പ്രാഥമിക സമ്പർക്കമുള്ളവർ ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കണം. ഇവർക്കുള്ള മാർഗനിർദേശങ്ങളും നൽകണം. എന്നാൽ ഇത്തരം നടപടികൾ കൃത്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ സ്‌പെഷ്യൽ ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പെട്ട പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ക്വാറന്റൈൻ ലംഘിക്കുന്ന കേസുകൾ പ്രത്യേകം പരിശോധിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ കൊവിഡ് പോസിറ്റീവ് ആയ ആൾ കഴിയുന്ന വീട്ടിലെ മറ്റംഗങ്ങൾ കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതും പുറത്തിറങ്ങുന്നതുമായ സാഹചര്യമുണ്ട്.

ആവശ്യസാധനങ്ങൾ ആരെത്തിക്കും

കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളിൽ ഭക്ഷണസാധനങ്ങളും മരുന്നും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിച്ചു നൽകാൻ പോലും ആളുകളില്ലെന്ന പരാതിയും വ്യാപകമാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ആശാവർക്കർമാരും സന്നദ്ധ പ്രവർത്തകരും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലെത്തി അവശ്യ സഹായങ്ങൾ എത്തിച്ചു നൽകിയിരുന്നു. വിവിധ സന്നദ്ധ സംഘടനകളും സഹായമെത്തിച്ചു നൽകിയിരുന്നു. നിലവിൽ പോസിറ്റീവായ വ്യക്തികളെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളോ ആരോഗ്യ പ്രവർത്തകരോ ഫോണിൽ ബന്ധപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.

Advertisement
Advertisement