കൊടകര കവർച്ചാ കേസ്; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസിറക്കി

Thursday 29 April 2021 7:53 AM IST

തൃശൂർ: കൊടകര കവർച്ചാ കേസിലെ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ പ്രതികൾക്കായുള്ള ലുക്കൗട്ട് നോട്ടീസാണ് ഇറക്കിയിരിക്കുന്നത്.അതേസമയം കാണാതായ 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവും ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

അറസ്റ്റിലാവുന്നതിന് മുൻപ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കിട്ടിയത്. കേരള ബാങ്കിൽ ആറ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ച രസീതും ഇയാളുടെ കോണത്തുകുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തി.

25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ഇതുവരെ അതിൽക്കൂടുതൽ പണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് കവർച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement