"ചേട്ടനും ചേച്ചിക്കും ആശംസകൾ" ലാലിന് വിവാഹവാർഷിക ആശംസയുമായി പൃഥ്വി

Thursday 29 April 2021 12:20 PM IST

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്. മോഹൻലാലിനും സുചിത്രയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാലിന്റെ വിവാഹം. പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തിക്കൊടുക്കുകയായിരുന്നു.

നടന്മാരായ പ്രേംനസീർ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, തിക്കുറിശ്ശി, കെ.പി. ഉമ്മർ, സുകുമാരൻ, സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണുനാഗവള്ളി, രാഷ്ട്രീയനേതാവായ കെ. കരുണാകരൻ തുടങ്ങിയ നിരവധി പ്രമുഖർ മോഹൻലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്ര തന്നെ പറഞ്ഞിരുന്നു. സഹോദരൻ സുരേഷ് ബാലാജിയും സുചിത്രയ്ക്ക് മോഹൻലാലിനോടുണ്ടായിരുന്ന ആരാധനയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'സുചിയ്ക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാൽ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു..' സുചിത്രയുടെ ഇഷ്ടം മനസിലായപ്പോൾ തന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചതെന്നും ഒരു അഭിമുഖത്തിൽ സുരേഷ് ബാലാജി പറഞ്ഞിരുന്നു.