ആർക്കും കൈകൊടുക്കേണ്ട, ആരോടും മിണ്ടണ്ട; വാ‌ക്‌സിനെടുക്കാൻ ചെല്ലുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇങ്ങനെ

Thursday 29 April 2021 1:38 PM IST

മുംബയ്: രാജ്യത്തെ കൊവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമായിരിക്കെ വാക്‌സിനേഷൻ നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടുപോകുകയാണ്. വാക്‌സിൻ ക്ഷാമത്തെ കുറിച്ചുള‌ള അറിയിപ്പുകൾ വരുന്നതോടെ വാക്‌സിൻ സ്വീകരിക്കാനും വലിയ തിരക്കുകളാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ജനം തിരക്ക് കൂട്ടുന്നതോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളും കൊവിഡ് സമൂഹവ്യാപനമുണ്ടാക്കുന്ന ഇടങ്ങളായി മാറി.

ഇത്തരം സ്ഥലങ്ങളിൽ നിന്നും രോഗം ബാധിക്കാതിരിക്കാൻ ഒരു മുംബയ് സ്വദേശിയായ ഡോക്‌ടർ തുഷാർ സിംഗ് നൽകുന്ന നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ ട്വി‌റ്ററിൽ വൈറലാകുകയാണ്. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് വീഡിയോയിലുള‌ളത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ നമുക്ക് വാക്‌സിൻ തരുന്നു,​ജനക്കൂട്ടം വൈറസും എന്ന അഭിപ്രായത്തോടെയാണ് ഡോക്‌ടർ നിർദ്ദേശങ്ങൾ കാണിച്ചുതരുന്നത്. ഡോക്‌ടർ നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്.

1. രണ്ട് മാസ്‌കുകൾ ഉപയോഗിക്കണം. 2. സാനി‌റ്റൈസർ കരുതണം 3. ഗ്ളൗസ് ധരിക്കണം ഒപ്പം ആർക്കും കൈകൊടുക്കാൻ പാടില്ല 4. വാക്‌സിനേഷൻ കേന്ദ്രത്തിൽ സംസാരിക്കരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കൊവിഡ് ബാധിക്കുന്നത് ഒഴിവാക്കാമെന്നാണ് ഡോക്‌ടർ തുഷാർ സിംഗ് അറിയിക്കുന്നത്. രണ്ട് മാസ്‌കുകളിൽ ഒന്ന് തുണി കൊണ്ടുള‌ളതോ സർജിക്കൽ മാസ്‌കോ ആകണമെന്നും ഇത് താഴെയും മുകളിലായി എൻ 95 മാസ്‌ക് ധരിക്കണമെന്നും ഡോക്ർടർ നിർദ്ദേശിക്കുന്നു.

സുക്കർ ഡോക്‌ടർ എന്ന ട്വി‌റ്റർ അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയ്‌ക്ക് ചുരുങ്ങിയ നേരംകൊണ്ട് 7523 ലൈക്കുകളും 3673 റീട്വീ‌റ്റുകളുമായിക്കഴിഞ്ഞു. 1,​19,​400 പേരാണ് വീഡിയോ കണ്ടത്.