ഭീതിയോടെ ബസ് ജീവനക്കാരും യാത്രക്കാരും,​ വ്യാപനം രൂക്ഷം, എന്നിട്ടും ഇവർക്ക് വാക്സിനില്ല !

Friday 30 April 2021 12:05 AM IST

കോട്ടയം : സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാർക്കാർക്കും കൊവിഡ് വാക്‌സിൻ ലഭിച്ചില്ലെന്ന് പരാതി. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നാൽപ്പതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 1200 സ്വകാര്യ ബസുകളാണുള്ളത്. 800 സ്വകാര്യ ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. തൊഴിലാളികളെല്ലാം സ്വന്തം നിലയിൽ വാക്‌സിനെടുക്കണമെന്നാണ് നിർദേശം. ഒരു ദിവസം ശരാശരി ഇരുനൂറോളം യാത്രക്കാരാണ് ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ സ്വകാര്യ ബസുകൾ അണുവിമുക്തമാക്കണമെന്നാണ് നിർദേശം. എന്നിട്ടും നൂറുകണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ തീരുമാനമാകുന്നില്ല. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും, തൊഴിലാളി സംഘടനയുടെയും സഹായത്തോടെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകണമെന്നാണ് ആവശ്യം.ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ജില്ലകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി വാക്‌സിൻ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement
Advertisement