വിജയിച്ചാൽ ആനക്കാര്യം

Friday 30 April 2021 12:17 AM IST
കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ നവജീവൻ കർഷക സംഘം നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷിക്കുന്നതിന് മുന്നോടിയായി തെരുവൻകുന്നേൽ കുര്യാച്ചൻ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നു.

ചെറുപുഴ: കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ കർഷക കൂട്ടായ്‌മ നിർമ്മിച്ച ജൈവമരുന്ന് പരീക്ഷിച്ചു. പ്രമുഖ ജൈവ കർഷകനായ തെരുവൻകുന്നേൽ കുര്യാച്ചന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താൻ ജൈവമരുന്ന് പരീക്ഷണം.

രാജഗിരി നവജീവൻ കർഷക സംഘമാണ് ജൈവമരുന്ന് നിർമ്മിച്ചത്. മരുന്നിന്റെ രൂക്ഷഗന്ധം കാരണം ഒരു മൃഗവും ഇവ തളിച്ച സസ്യങ്ങൾ കഴിക്കില്ലെന്നാണ് വിലയിരുത്തൽ. മുമ്പ് ഇവർ കുരങ്ങ് ശല്യത്തിനെതിരേ നിർമ്മിച്ച ജൈവമരുന്ന് ഫലപ്രദമായിരുന്നു.

ആനശല്യം ഏറ്റവും കൂടുതലുള്ള കാനംവയൽ ചേന്നാട്ട് കൊല്ലിയിലെ കായമ്മാക്കൽ സണ്ണിയുടെയും നെല്ലിക്കുന്നേൽ ജോബിയുടെയും കൃഷിയിടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തളിച്ചിരിക്കുന്നത്. ഈ കൃഷിയിടങ്ങൾ കർണ്ണാടക വനത്തോട് ചേർന്ന് കിടക്കുന്നവയാണ്. നിരവധി തവണ ഇവിടെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ചെറുപുഴ കൃഷി ഓഫീസർ എ. രജീന, പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ്, കുര്യാച്ചൻ തെരുവൻകുന്നേൽ, നവജീവൻ കർഷക സംഘാംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജൈവ മരുന്ന് നിർമ്മാണത്തെക്കുറിച്ചറിഞ്ഞ് നിരവധി കർഷകരാണ് നവജീവൻ കർഷക സംഘവുമായി ബന്ധപ്പെടുന്നത്.

മരുന്നിൽ ഇവയാണ്
ചാണകം, ആനയുടെ വിസർജ്യം, ആട്ടിൻ കാഷ്‌ഠം, ഗോമൂത്രം, അറവ് ചെയ്‌ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങൾ, വെല്ലം, കാട്ട് പുകയില, പേര് വെളിപ്പെടുത്താത്ത പച്ചിലകൾ, ചില പച്ച മരുന്നുകൾ എന്നിവയാണ് ആനകളെ തുരത്താനുള്ള മരുന്നിന്റെ കൂട്ടുകൾ. തയ്യാറാക്കി 21 ദിവസത്തിനു ശേഷമാണ് ഇത് പറമ്പുകളിൽ തളിച്ചത്.

Advertisement
Advertisement