കഞ്ചാവ് പിടികൂടി

Friday 30 April 2021 4:32 AM IST

വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് കല്ലറ-പാങ്ങോട് മേഖലയിൽ നടത്തിയ പരിശോധനയിൽ ഭരതന്നൂർ അംബേദ്കർ കോളനിയിൽ നിന്ന് 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി. അംബേദ്കർ കോളനിയിൽ ബ്ലോക്ക്‌ നമ്പർ 55 ൽ ബൈജുവിന്റ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബൈജുവിന്റെ പേരിൽ എൻ.ഡി.പി.എസ് പ്രകാരം കേസെടുത്തു. അംബേദ്കർ കോളനി കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ കഞ്ചാവ് വിൽപന നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കോളനി കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തിവരുകയായിരുന്നു. പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ നിന്നു രക്ഷപ്പെട്ട ബൈജുവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പക്ടർ ജി. മോഹൻകുമാർ പറഞ്ഞു. കഞ്ചാവ്‌ കൈവശം വച്ചതിനു ഒരു മാസം മുൻപ് വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തുടർന്നും കഞ്ചാവ് വില്പനക്കുള്ള തയ്യാറെടുക്കുന്നതിനിടയിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ, പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, സജീകുമാർ, അനിരുദ്ധൻ, അൻസർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

ഫോട്ടോ: എക്സൈസ് സംഘം ബൈജുവിൻ്റെ വീട്ടിൽ നിന്നു കണ്ടെടുത്ത കഞ്ചാവ്.

Advertisement
Advertisement