വ്യവസായിയുടെ കൊലപാതകം, സഹോദരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കൊല്ലങ്കോട്: കഴിഞ്ഞദിവസം പട്ടാപ്പകൽ വ്യവസായിയായ മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ചിറ്റിലഞ്ചേരി വട്ടോംപാടം സ്വദേശി ബാബു (45), തിരുവഴിയാട് , തട്ടാമ്പാറ സ്വദേശി മണികണ്ഠൻ (53), പീച്ചാംപാടം സ്വദേശി കുമാരൻ (57), കൊല്ലങ്കോട് പണിക്കത്ത് വീട്ടിൽ രമേശ് (54) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലങ്കോട് സ്വദേശിയായ ടി.എൻ.രാജേന്ദ്രനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാജേന്ദ്രനെ അക്രമിക്കാൻ ഉപയോഗിച്ച വാൾ, വാക്കത്തി എന്നിവ പൊലീസ് കണ്ടെടുത്തു. ചിറ്റൂർ ഡിവിഷൻ ഡി.വൈ.എസ്.പി കെ.സി സേതു,വിരലടയാള വിദഗ്ദൻ നിഗർ ബാബു, സയന്റിഫിക് വിദഗ്ദരായ അനുനാഥ്, മുഹമ്മദ് ഹാഷി എന്നിവർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
രാജേന്ദ്രനും സഹോദരൻ രമേശും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. തർക്കഭൂമിയിലൂടെ രാജേന്ദ്രൻ കാറോടിച്ചത് ബാബുവും സംഘവും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഘർഷത്തിന് മുമ്പും ശേഷവും ബാബുവും സംഘവും കൊല്ലപ്പെട്ട രാജേന്ദ്രന്റെ സഹോദരൻ ടി.എൻ.രമേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൃത്യം നടത്തിയവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും രമേഷാണെന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മൃതശരീരം ഇൻക്വസ്റ്റ് നടത്തിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലക്ക് മാറ്റി. കോവിഡ് പരിശോധന ഫലം വന്നതിനു ശേഷം പോസ്റ്റുമോർട്ടം നടത്തും. അറസ്റ്റിലായ നാലുപേരേയും ഇന്നു കോടതിയിൽ ഹാജരാക്കും.