കൊവിഡ്: അനാവശ്യ പരാതിക്ക് 1000 രൂപ പിഴയിട്ട് സുപ്രീംകോടതി

Saturday 01 May 2021 12:00 AM IST

ന്യൂഡൽഹി:കൊവിഡ് ചികിത്സ, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വന്ന പശ്ചിമ ബംഗാൾ സ്വദേശിക്ക് സുപ്രീംകോടതി ആയിരം രൂപ പിഴ ചുമത്തി.

കൊവിഡ് ചികിത്സ, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും സുപ്രീംകോടതി കൃത്യമായ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയ സുരേഷ് ഷായാണ് പിഴ അടയ്ക്കേണ്ടി വന്നത്. ഹർജിക്കാരന് വിഷയവുമായി എന്ത് പരിചയമാണുള്ളതെന്ന് കോടതി ചോദിച്ചു. കൊമേഴ്സ് ബിരുദധാരിയായ താൻ ശാസ്ത്ര പേപ്പറുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വന്നതെന്നായിരുന്നു മറുപടി. അനാവശ്യ പരാതിയുമായി കോടതിയുടെ സമയം കളയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ച്,​ വിലയിരുത്തി.

ഡോക്‌ടറോ, മെഡിക്കൽ വിദ്യാർത്ഥിയോ, ശാസ്ത്രജ്ഞനോ അല്ലാത്ത പരാതിക്കാരൻ കൊവിഡിനെക്കുറിച്ച് ഉത്തരവിടാൻ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കൊമേഴ്സ് ബിരുദധാരി ഡോക്‌ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും കൊവിഡ് ചികിത്സ പഠിപ്പിക്കാൻ വന്നിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് പറയുന്നു. കാര്യങ്ങളെ ലാഘവത്തോടെ കണ്ടതിനും കോടതിയുടെ സമയം കളഞ്ഞതിനും 10ലക്ഷം രൂപ പിഴ വിധിക്കുകയാണെന്നും ബെഞ്ച് പറഞ്ഞു. താൻ തൊഴിൽ രഹിതനാണെന്നും കൈയിൽ ആയിരം രൂപ മാത്രമാണുള്ളതെന്നും പരാതിക്കാരൻ പറഞ്ഞു. തമാശയ്ക്ക് ഹർജി നൽകുന്നതാണോ തൊഴിലെന്ന് ചോദിച്ച കോടതി ആയിരം രൂപ അടയ്ക്കാൻ വിധിക്കുകയായിരുന്നു.

Advertisement
Advertisement