എക്സിറ്റ് പോളിന്റെ ആത്‍മവിശ്വാസത്തിൽ എൽ. ഡി. എഫ് : ജനവിധി മറിച്ചാകുമെന്ന് യു.ഡി.എഫ്

Saturday 01 May 2021 2:24 AM IST

തൃശൂർ : വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ എക്‌സിറ്റ് പോളുകൾ നൽകിയ മുൻതൂക്കം എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുമ്പോൾ അത് മറികടന്നുള്ള അനുകൂല ജനവിധി ആയിരിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് യു.ഡി.എഫ് നേതാക്കൾ.
തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറി വിജയം കൈവരിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന സ്വകാര്യ ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലത്തിൽ എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് നൽകുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന വൻവിജയം പ്രവചിക്കുന്നില്ല. 13 മണ്ഡലങ്ങളിൽ ഇത്തവണ 10 ഇടങ്ങളിലാണ് എൽ.ഡി.എഫിന് വിജയം പ്രവചിക്കുന്നത്.
മൂന്നിടങ്ങളിലാണ് യു.ഡി.എഫിന് വിജയം പ്രവചിക്കുന്നത്. തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് മുൻതൂക്കം. എന്നാൽ, ഈ മണ്ഡലങ്ങളിലും നേരിയ മുൻതൂക്കം മാത്രമേയുള്ളൂ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ഫലം പ്രവചനാതീതമാണ്.
യു.ഡി.എഫിലെ പത്മജയ്ക്കാണ് ഇവിടെ മുൻതൂക്കം. എന്നാൽ എൽ.ഡി.എഫിന് മൂന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. എൻ.ഡി.എയുടെ സുരേഷ് ഗോപിക്കാണ് രണ്ടാം സ്ഥാനം. മറ്റൊരു ശക്തമായ മത്സരം നടന്ന ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മണ്ഡലങ്ങളും രണ്ടു ഭാഗത്തേക്കും ചായാനുള്ള സാദ്ധ്യതയാണ് വിലയിരുത്തുന്നത്. ബി.ജെ.പി പത്രിക തള്ളിയ ഗുരുവായൂർ മണ്ഡലത്തിലും എൽ.ഡി.എഫിനാണ് വിജയ സാദ്ധ്യത പറയുന്നത്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ അനായാസ വിജയം നേടുമെന്ന് പ്രവചിക്കുന്നു.
എന്നാൽ എക്‌സിറ്റ് പോളുകൾ അപ്പാടെ തള്ളിക്കളയുകയാണ് യു.ഡി.എഫ്. അതേസമയം, ഇതിലും മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ കോൺഗ്രസ് നടത്തിയ വിലയിരുത്തലിൽ ഏഴ് സീറ്റുകൾ വരെ നേടാമെന്നായിരുന്നു. എന്നാൽ എല്ലാ എക്‌സിറ്റ് പോളുകളും എൽ.ഡി.എഫ് തരംഗമാണ് പ്രവചിക്കുന്നത്. കുന്നംകുളം മണ്ഡലത്തിൽ യു.ഡി.എഫ് വിജയം കണക്ക് കൂട്ടിയ മണ്ഡലമാണ്. എന്നാൽ മിക്ക സർവേകളും മന്ത്രി മൊയ്തീന്റെ വിജയമാണ് പ്രവചിക്കുന്നത്.

Advertisement
Advertisement