വഴിയരികിൽ ഉപേക്ഷിച്ച് പോയ ട്രക്കിൽ കോടികൾ വില വരുന്ന കൊവാക്‌സിൻ ഡോസുകൾ; ഡ്രൈവറുടെ മൊബൈൽ അടുത്തുള‌ള കുറ്റിക്കാട്ടിൽ, സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

Saturday 01 May 2021 1:44 PM IST

ഭോപ്പാൽ: രണ്ട് ലക്ഷത്തോളം കൊവിഡ് വാക്‌സിൻ കൊണ്ടുവന്ന കണ്ടെയ്‌നർ ലോറി വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലാണ് വഴിയരികിൽ 2,40,000 ഡോസ് കൊവാക്‌സിനുമായി വലിയ കണ്ടെയ്‌നർ ലോറി കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് ഏറെ നേരമായി ട്രക്ക് അവിടെ പാർക്ക് ചെയ്‌തിരിക്കുകയാണെന്ന് അന്വേഷിച്ച് കണ്ടെത്തി. എന്നാൽ ലോറി ഡ്രൈവറോ ക്ളീനറോ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് ഡോസ് വാക്‌സിനാണ് തങ്ങൾ കണ്ടെത്തിയതെന്ന് കരേലി പൊലീസ് അറിയിച്ചു. വാഹനത്തിലെ വാ‌ക്‌സിനുകൾക്ക് ഏകദേശം എട്ട് കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ അടുത്തുള‌ള കു‌റ്റിക്കാട്ടിൽ നിന്ന് ഡ്രൈവറുടെ മൊബൈൽ ഫോൺ ലഭിച്ചു. ഡ്രൈവറുടെയും ക്ളീനറുടെയും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. വാഹനത്തിലെ എയർകണ്ടീഷൻ ഓഫ് ചെയ്യാത്തതിനാൽ വാക്‌സിൻ ഡോസുകൾക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ല.