മുംതാസിന്റെ പ്രണയം
''മുംതാസിന് അപ്പോൾ സുനിലിനെ മറക്കാൻ കഴിയുന്നില്ല അല്ലേ?''
ചാറ്റിൽ അവൾ ഉം എന്ന് ഉത്തരം നൽകി. ''ഇനി എന്ത് ചെയ്യും?'' എന്റെ ചോദ്യത്തിന് ഒരു മിനിട്ട് കഴിഞ്ഞാണ് ഉത്തരം കിട്ടിയത്. ''ഇങ്ങനെ പോകും.'' സത്യത്തിൽ എനിക്കും മുംതാസിന് ഒരു പോംവഴി പറഞ്ഞുകൊടുക്കാൻ ഉണ്ടായിരുന്നില്ല. പല ദിവസങ്ങളിലായി ചാറ്റ് ചെയ്ത സമയത്ത് ഇരുപത് വർഷമായി ഭർത്താവിനോടൊപ്പം സൗദി അറേബ്യയിൽ ജീവിക്കുന്ന സമയത്തും അവൾ ആദ്യമായി പ്രേമിച്ച ആദ്യമായി കെട്ടിപ്പിടിച്ച ആദ്യമായി തന്റെ ഹൃദയ വികാരങ്ങൾ തുറന്ന് പറഞ്ഞ സുനിലിനെക്കുറിച്ചുള്ള മധുരമായ ഓർമ്മകളിലായിരുന്നു. വളരെ യാദൃശ്ചികമായിട്ടാണ് മുംതാസിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടപ്പോൾ സ്വന്തം സഹോദരിയെപ്പോലെയാണ് പെരുമാറിയത്. ഇത്രയും സുന്ദരിയായ സ്ത്രീ തന്നോട് എന്തിനാണ് ഇത്ര വലിയ സ്നേഹം കാണിക്കുന്നതെന്ന് തോന്നിപ്പോയിട്ടുണ്ട്. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഉച്ചഭക്ഷണമായതുകൊണ്ട് 1.20ന് തന്നെ ആ ദൗത്യം നിർവഹിച്ച് ഓഫീസിലെ കമ്പ്യൂട്ടറിൽ ഫെയ്സ് ബുക്ക് നോക്കും. ആദ്യം നോക്കുക പി.ജിക്ക് ഒന്നിച്ച് പഠിച്ച ഗീതാനായരുടെ പോസ്റ്റാണ്. ബാങ്കിലെ ചീഫ് മാനേജർ പദവിയിൽ നിന്ന് വളന്റിയറി റിട്ടയർമെന്റ് വാങ്ങിച്ച നല്ലൊരു വായനക്കാരിയാണ്. അവൾ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അവലോകനങ്ങൾ പോസ്റ്റ് ചെയ്യും. അന്ന് ഗീതാ നായരുടെ ഒരു പോസ്റ്റും ഉണ്ടായിരുന്നില്ല. വെറുതെ ഗീതാ നായരുടെ സുഹൃത്തുക്കളുടെ ഫോട്ടോകളിലേക്ക് കണ്ണോടിച്ചു. പഴയ സഹപാഠികൾ ആരെങ്കിലും സുഹൃത്തുക്കളായി ഉണ്ടോയെന്നറിയാനായിരുന്നു.ഇതിനിടയിലാണ് ആ സുന്ദരിയുടെ ഫോട്ടോ ശ്രദ്ധയിൽപെട്ടത്. നല്ല തിളക്കമുള്ള കണ്ണുകൾ, ഭംഗിയുള്ള മൂക്ക്, തത്തമ്മചുണ്ട് പോലെയുള്ള ചുവന്ന അധരങ്ങൾ. ആരു കണ്ടാലും ഒന്നുകൂടി നോക്കിപ്പോവുന്ന മുഖം. രണ്ടും കൽപ്പിച്ച് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അരമണിക്കൂറിനുള്ളിൽ നോട്ടിഫിക്കേഷനിൽ ആ കുറിപ്പ് കണ്ടു. നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റ് മുംതാസ് സ്വീകരിച്ചിരിക്കുന്നു. എനിക്ക് വിശ്വാസം വരാത്തത് പോലെ.ഏതായാലും മുംതാസുമായി ഒന്ന് ചാറ്റ് ചെയ്യാമെന്ന് വിചാരിച്ചു. തുടക്കത്തിൽ എന്തിനെക്കുറിച്ച് സംസാരിക്കും. ഒടുവിൽ ഗീതാനായരെക്കുറച്ച് തന്നെ ആവട്ടെ ആദ്യ ചോദ്യം എന്ന് കരുതി. ഫെയ്സ് ബുക്കിലെ മെസഞ്ചറിൽ ''ഗീതാ നായർ എന്റെ കൂടെ പഠിച്ചതാ.."" ''എങ്ങനെയാ പരിചയം.?"" ''ഗീതാ നായരുടെ ഹസ്സും എന്റെ ഹസ്സും ഒന്നിച്ച് പഠിച്ചതാ..."" അവൾ ഉത്തരം നൽകി. ''കുട്ടികൾ ഉണ്ടോ?"" ''രണ്ട് പേർ"" ''ഏതെല്ലാം ക്ലാസിൽ."" ''മകൻ പ്ലസ്ടുവിൽ. മകൾ എസ്.എസ്.എൽ.സി."" ''ഭർത്താവ് എന്ത് ചെയ്യുന്നു?"" ''സിവിൽ എൻജിനിയറാ.."" ''എവിടെ?"" ''സൗദി അറേബ്യയിൽ."" ''അവിടെയാണോ താമസം?"" ''അതെ."" ''നാട്ടിൽ എവിടെയാ വീട്?"" ''തലശ്ശേരി ചേറ്റംകുന്നിൽ."" ''ഞാൻ കോഴിക്കോട്ട്കാരനാ..."" ''ആണോ... എന്റെ ഉമ്മാന്റ അനുജത്തി കോഴിക്കോട്ടാ..."" ''എന്നെ വാട്സ് അപ്പിൽ ചേർക്കാമോ..."" ''ഓ... അതിനെന്താ.."" ഇതിനിടയിൽ ഉച്ചഭക്ഷണത്തിന് പോയവർ എത്തിത്തുടങ്ങിയതോടെ ഞാൻ പറഞ്ഞു. ''നമുക്ക് ഇന്ന് നിറുത്താം. ബാക്കി കാര്യം നാളെ സംസാരിക്കാം."" മുംതാസ് ബൈ പറഞ്ഞു. ഓഫീസിലെ തിരക്കിൽ അമർന്നപ്പോൾ മുംതാസിന്റെ സുന്ദരമായ മുഖം മനസിൽ നിന്ന് മാഞ്ഞു. അടുത്ത ദിവസം ഞാൻ വാട്സാപ്പിൽ ഹലോ പറഞ്ഞു. ''തിരക്കാണോ?"" എന്ന് ചോദിച്ചു. ''ഏയ് ഒന്നുമില്ല."" ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. മുംതാസിനോട് സംസാരിക്കുമ്പോൾ മനസിന് വല്ലാത്ത സുഖമാണ്. പല ദിവസങ്ങളിലായി ഞങ്ങൾ ചാറ്റിംഗ് തുടർന്നു. വളരെ പെട്ടെന്ന് ഞങ്ങൾ നല്ല സുഹൃക്കളായി മാറി.ഒരു ദിവസം. ഞാൻ മുംതാസിനോട് ചോദിച്ചു. ''മുംതാസ് പ്രണയിച്ചിട്ടുണ്ടോ?"" തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവളിൽ നിന്ന് ലഭിച്ചത്. ''ഇപ്പോഴും പ്രണയം ഉണ്ട്."" ''ആരുമായിട്ട്..."" ''ആരുമായിട്ടുമാകാം."" ''എന്നോട് ഉണ്ടോ?"" ''സ്നേഹം മാത്രം. എന്നാൽ പ്രണയം ഒരാളോട് മാത്രം."" ഇതോടെ അന്നത്തെ ചാറ്റിംഗ് നിറുത്തി അടുത്ത രണ്ടുദിവസം അവധിയായിരുന്നു. മൂന്നാമത്തെ ദിവസം ഉച്ചഭക്ഷണ സമയത്ത് ഫെയ്സ് ബുക്ക് തുറപ്പോൾ മുംതാസിന്റെ മെസേജ്. എന്താണ് സംസാരിക്കാത്തത്. വളരെ സന്തോഷം തോന്നി. ഇനി പ്രണയത്തെക്കുറിച്ച് ധൈര്യമായി ചോദിക്കാമല്ലോ. ''രണ്ടു ദിവസമായി അവധിയായിരുന്നു."" എന്റെ മറുപടി അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ''പ്രവൃത്തിദിവസങ്ങളിൽ മാത്രമേ സൗഹൃദം പാടുള്ളൂ?"" എനിക്ക് ഒരു നിമിഷം വിഷമം തോന്നി. ഞാൻ പറഞ്ഞു. ''അല്ല."" പിന്നീട് ഒരുപാട് നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞു. അടുത്ത ദിവസം ഞാൻ ചോദിച്ചു. ''എന്ത് ചെയ്യുകയാ?"" ''കിച്ചൺ ഡ്യൂട്ടി?"" ''ഭർത്താവ് ഉണ്ടോ?"" ''ഇല്ല?"" ''ഫ്ളാറ്റിൽ ആരൊക്കെയുണ്ട്?"" ''ഹസ്സിന്റെ ഉമ്മ മാത്രം."" ''ഒരു കാര്യം ചോദിച്ചോട്ടെ."" ''ചോദിച്ചോളൂ?"" ''എങ്ങനെയായിരുന്നു നിങ്ങളുടെ പ്രണയത്തിന്റെ തുടക്കം.?"" ''ഞാനും സുനിലും തലശേരി ബ്രണ്ണൻ കോളേജിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ഒന്നിച്ച് പഠിച്ചതായിരുന്നു."" ''സുനിൽ സുന്ദരനാണോ?"" ''അത്ര സുന്ദരനൊന്നുമല്ല. ശരാശരിക്കാരൻ. മനസിന്റെ സൗന്ദര്യമാണ് വലുത്. അത് അവന് ഉണ്ടായിരുന്നു."" ഒരു തത്വജ്ഞാനിയെ പോലെ അവൾ പറഞ്ഞു. ''പ്രീഡിഗ്രി പരീക്ഷാ സമയത്തായിരുന്നു അവന്റെ അച്ഛന്റെ മരണം. അതുകൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടുത്ത വർഷം ഞങ്ങളോടൊപ്പമാണ് പരീക്ഷ എഴുതിയത്."" ''അന്നേ പരിചയം ഉണ്ടായിരുന്നോ?"" ''ഹേയ് ഇല്ല. ഡിഗ്രി ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്. പക്ഷേ ക്ലാസിന്റെ തുടക്കത്തിൽ തന്നെ ഞാൻ സുനിലിനെ ശ്രദ്ധിച്ചിരുന്നു. എല്ലാവരുമായും നല്ല തമാശകൾ പറയുന്ന എപ്പോഴും ഊർജ്ജസ്വലനായി സന്തോഷത്തോടെ നടക്കുന്ന ഒരു കൗമാരക്കാരൻ. ഞങ്ങൾ പ്രണയത്തിലായതോടെ കാന്റീനിലും മരച്ചുവട്ടിലും ലൈബ്രറിയിലും പല കഥകൾ പറഞ്ഞിരിക്കും. അവന്റെ സാമീപ്യം എനിക്ക് വളരെ ഇഷ്ടമായിരുന്നു. സമയം പോകുന്നത് അറിയില്ല. മൂന്ന് വർഷം കടന്ന് പോയത് അറിഞ്ഞില്ല."" ''അവിടെ അവസാനിച്ചോ?"" ''ഇല്ല. റിസൽട്ട് വന്നപ്പോൾ രണ്ടുപേർക്കും ഫസ്റ്റ്ക്ലാസ്. അങ്ങനെ രണ്ടുപേരും യൂണിവേഴ്സിറ്റി സെന്ററിൽ എം.എയ്ക്ക് ചേർന്നു.എം. എക്ക് ചേരുന്നതിനോട് ഉമ്മയ്ക്ക് വലിയ എതിർപ്പായിരുന്നു. ഉടൻ വിവാഹം നടത്തിയില്ലെങ്കിൽ രണ്ടാംകെട്ടുകാരനായിപ്പോകുമെന്നായിരുന്നു ഉമ്മയുടെ പേടി. എന്നാൽ ബാപ്പ കൂടെ നിന്നത് ആശ്വാസമായി."" ''അതെന്താ രണ്ടാം കെട്ടുകാരൻ?"" ''നമ്മുടെ സമുദായത്തിൽ അക്കാലത്ത് ചെറുപ്പത്തിൽ തന്നെ കെട്ടിച്ച് വിടും."" ''ഞങ്ങളുടെ പ്രണയം തുടർന്നു. രണ്ടു വർഷക്കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ എന്റെ വിവാഹത്തെക്കുറിച്ച് വീട്ടുകാർ ഗൗരവത്തോടെ ചിന്തിക്കാൻ തുടങ്ങി."" ''എന്തുകൊണ്ട് പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞില്ല?"" ''എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. സുനിലിന് ഒരു ജോലി ഉണ്ടെങ്കിൽ ഒളിച്ചോടുകയെങ്കിലും ചെയ്യാമായിരുന്നു. അവന് അമ്മയും ഇളയ സഹോദരിയും ഉണ്ട്. അവന്റെ നിസഹായാവസ്ഥ എനിക്ക് മനസിലാവും."" ''വിവാഹശേഷവും സൗഹാർദ്ദം തുടർന്നോ?"" ''ഇല്ലായിരുന്നു. പക്ഷേ മനസിൽ നിറയെ അവനെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. അഞ്ച് വർഷം മുമ്പ് ഫെയ്സ് ബുക്കിലൂടെ സൗഹൃദം പുതുക്കിയതോടെ ഞങ്ങൾ സ്ഥിരമായി സൗഹൃദ സംഭാഷണം നടത്തും. പഴയ പ്രണയ സ്മരണകൾ പുതുക്കും."" ''ഭർത്താവ് അറിയുമോ?"" ''ഇല്ല."" ''സുനിലിന്റെ ഭാര്യ അറിയുമോ?"" ''ഇല്ല."" ''വിവാഹത്തിന് ശേഷം പ്രണയം ഉപേക്ഷിച്ചിരുന്നില്ലേ?"" ''നോ. പ്രണയം ഉള്ളവർ എന്തിന് ഉപേക്ഷിക്കണം. ആർക്ക് വേണ്ടി ഉപേക്ഷിക്കണം."" മുംതാസ് ചോദിച്ചു.