ഉദ്യേഗമുനയിൽ മഞ്ചേശ്വരം, ഉദുമ,കാസർകോട് : അടിയൊഴുക്കിൽ ആശങ്ക

Saturday 01 May 2021 9:35 PM IST

കാസർകോട്: ഇന്ന് രാവിലെ വോട്ടുപെട്ടി തുറക്കുമ്പോൾ കാസർകോട് ജില്ലയിൽ ഉദ്യേഗത്തോടെ മുന്നണികൾ കാത്തിരിക്കുന്നത് മൂന്ന് മണ്ഡലങ്ങളിലെ ഫലത്തിലേക്ക്. ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്ന കണക്കുകൂട്ടലാണ് ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്തും കാസർകോട്ടും യു.ഡി.എഫ് വലിയ പ്രതീക്ഷ പുലർത്തുന്ന ഉദുമയിലും ഫലം പ്രവചനാതീതമാക്കുന്നത്.

ബി .ജെ .പി സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രന്റെ വരവോടെ ചിത്രം മാറിയ മഞ്ചേശ്വരം മണ്ഡലം സംസ്ഥാന ശ്രദ്ധയിലെത്തിയത്. കോന്നിയിലും മത്സരിക്കുന്നുണ്ടെങ്കിലും സുരേന്ദ്രൻ ഏറെ പ്രതീക്ഷ പുലർത്തുന്നത് മഞ്ചേശ്വരത്താണ്. പല സർവേകളിലും ബി.ജെ.പി മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് സൂചിപ്പിച്ചതും ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 7923 വോട്ടിന് എം സി ഖമറുദ്ധീൻ ജയിച്ച മണ്ഡലത്തിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി എ .കെ .എം അഷ്റഫ് 5000 ത്തിന് താഴെ വോട്ടിന് കടന്നുകൂടുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. പി .ഡി .പിയും വെൽഫെയർ പാർട്ടിയും എസ്. ഡി. പി .ഐയും സ്ഥാനാർത്ഥികളെ നിർത്താതെ മുസ്ലിംവോട്ടുകളുടെ ധ്രുവീകരണം ഉണ്ടാക്കിയിട്ടെങ്കിലും യു.ഡി.എഫിന് ആശങ്ക ഒഴിഞ്ഞിട്ടില്ല.

എൽ .ഡി .എഫിലെ വി .വി രമേശനും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നതാണ് യു.ഡി.എഫിന്റെ ആശങ്കയേറ്റുന്നത്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാതെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് എൽ.ഡി.എഫ് വോട്ടുചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2016 ൽ 89 വോട്ടിന് വിജയം കൈവിട്ട സുരേന്ദ്രൻ 1500 വോട്ടിന് മണ്ഡലം പിടിക്കുമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.

യു.ഡി.എഫിന്റെ കോട്ടയായ കാസർകോട് മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ബി.ജെ.പിയുമായി കടുത്ത മത്സരം നടന്നത്. ഇവിടെയും ഫലം പ്രവചനാതീതമാണ്. മൂന്നാമതും മത്സരിച്ച എൻ. എ നെല്ലിക്കുന്നിനെതിരെ നെഗറ്റീവ് വോട്ട് ഭയക്കുന്നതിനാൽ 8607 എന്ന 2016ലെ മാർജിൻ പോലും യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നില്ല. കോൺഗ്രസ് നേതാക്കളുമായുള്ള എം.എൽ.എയുടെ സ്വരച്ചേർച്ചയില്ലായ്മയും യു.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്.ഭൂരിപക്ഷം അൽപം കുറഞ്ഞാലും ജയിക്കുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം. ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്താണ് ഇവിടെ നെല്ലിക്കുന്നിന്റെ പ്രധാന എതിരാളി. എൽ ഡി എഫ് സ്ഥാനാർത്ഥി എം എ ലത്തീഫിന് മണ്ഡലത്തിൽ കാര്യമായ ഓളമൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

പെരിയ ഇരട്ടകൊലയടക്കം വിഷയമാക്കി ഉദുമ തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫിന്റെ കടുത്ത ശ്രമം വിജയിക്കുമോയെന്നും ഇന്ന് വ്യക്തമാകും. പരമ്പരാഗതമായി എൽ ഡി എഫിനെ സഹായിച്ചുവരുന്ന വിഭാഗങ്ങൾ ഉദുമയിൽ ഇത്തവണ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ യു .ഡി .എഫിലെ ബാലകൃഷ്ണൻ പെരിയ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. 3832 വോട്ടിന്റെ മാർജിൻ മറികടക്കാൻ എളുപ്പമെന്നാണ് യു ഡി എഫ് കരുതുന്നത്. അതേസമയം മുളിയാർ അടക്കമുള്ള സ്ഥലങ്ങളിൽ പാർട്ടിവോട്ടുകൾ നഷ്ടമായിട്ടുണ്ടോയെന്ന ആശങ്ക അവർക്കുണ്ട്. എൽ .ഡി .എഫിലെ സി. എച്ച് .കുഞ്ഞമ്പു ഉദുമയിൽ തികഞ്ഞ വിജയപ്രതീക്ഷയിൽ തന്നെയാണ്.

അതെസമയം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ അട്ടിമറിയോ അടിയൊഴുക്കുകളോ കാര്യമായി മുന്നണികൾ പ്രതീക്ഷിക്കുന്നില്ല. കാഞ്ഞങ്ങാട് എൽ ഡി എഫിലെ മന്ത്രി ഇ. ചന്ദ്രശേഖരനും തൃക്കരിപ്പൂരിൽ എം രാജഗോപാലനും . 2016 ലെ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമോയെന്നതിലാണ് ഉദ്യേഗം.

Advertisement
Advertisement