കൊവിഡ്​: കെജ്​രിവാളിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sunday 02 May 2021 12:51 AM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. ഏപ്രിൽ 20ന് കൊവിഡ് സ്ഥിരീകരിച്ച സുനിത വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ആം ആദ്മി പാർട്ടി എം.എൽ.എ സോംനാഥ് ഭാരതിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കെജ്‌രിവാൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

സുനിത ഏറ്റവും വേഗത്തിൽ രോഗമുക്തയായി തിരിച്ചുവരട്ടെയെന്ന് ഡൽഹിയിലെ ബി.ജെ.പി നേതാവായ കപിൽ മിശ്ര ആശംസിച്ചു.