ഇന്ത്യയിൽ ഓക്സിജൻ പ്ളാന്റ് നിർമ്മിക്കാൻ ജർമ്മൻ സേന
Sunday 02 May 2021 12:57 AM IST
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ ഓക്സിജൻ പ്ളാന്റുമായി ജർമ്മൻ സൈന്യം വരുന്നു. ജർമ്മനിയിൽ നിന്നുള്ള 120 വെന്റിലേറ്ററുകൾ ഇന്നലെ രാത്രി ഡൽഹിയിലെത്തി.
ജർമ്മൻ വ്യോമസേനാ വക്താവ് കേണൽ വെബ്ബറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കാൻ എത്തുന്നത്. പ്ളാന്റ് സ്ഥാപിച്ച ശേഷം അവർ മടങ്ങും. അതിനിടെ 120 വെന്റിലേറ്ററുകളുമായി ജർമ്മൻ വ്യോമസേനയുടെ എയർബസ് ഇന്നലെ രാത്രി ഡൽഹിയിലിറങ്ങി. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി എന്നിവ വഴി ഇവ വിതരണം ചെയ്യുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ വാൾട്ടർ ലിൻഡ്നർ അറിയിച്ചു.
ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ജർമ്മനി പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി ഹീക്കോ മാസ് പറഞ്ഞു. കൂടുതൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.