സി.ബി.എസ്.ഇ പത്താംക്ളാസ് ഫലം ജൂൺ 20ന്,​ മൂല്യനിർണയ രീതി തീരുമാനിച്ചു

Sunday 02 May 2021 12:34 AM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താംക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിൽ നടത്തിയ പ്രീ-ബോർഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയുടെ മാർക്ക് കണക്കാക്കി മൂല്യനിർണയം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 20ന് ഫലം പ്രഖ്യാപിക്കാനും സി.ബി.എസ്.ഇ തീരുമാനിച്ചു.

വിവിധ വിഷയങ്ങളിൽ നടത്തിയ യൂണിറ്റ് ടെസ്റ്റുകളിൽ നിന്ന് 10മാർക്കും അർദ്ധവാർഷിക പരീക്ഷയിൽ നിന്ന് 30 മാർക്കും പ്രീ-ബോർഡ് പരീക്ഷയിൽ നിന്ന് 40മാർക്കും ഇന്റേണൽ അസസ്മെന്റ് വഴി 20 മാർക്കും ചേർത്താണ് മൂല്യ നിർണയം നടത്തുക.

മൂല്യനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ സി.ബി.എസ്.ഇ സ്കൂളുകളിൽ പ്രിൻസിപ്പലും ഏഴ് അദ്ധ്യാപകരും ചേർന്ന ഇന്റേണൽ റിസൾട്ട് കമ്മിറ്റി രൂപീകരിക്കണം. പരീക്ഷകൾ നടത്തിയിട്ടില്ലാത്ത സ്കൂളുകളിൽ മൂല്യ നിർണയം വസ്തുനിഷ്ഠമായി നടത്തേണ്ട ചുമതല കമ്മിറ്റിക്കായിരിക്കും. മൂല്യ നിർണയം നടത്തിയശേഷം സ്കൂളുകൾ പരീക്ഷാ ഫലങ്ങൾ ജൂൺ അഞ്ചിനകവും ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ജൂൺ 11നകവും ബോർഡിന് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 20ന് ഫലം പ്രഖ്യാപിക്കാനാണ് ആലോചന.