റഷ്യയുടെ സ്‌പുട്നിക്ക് വാക്സിൻ 1.50 ലക്ഷം ഡോസ് എത്തി

Sunday 02 May 2021 12:05 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ പ്രതിസന്ധിക്കിടെ റഷ്യയുടെ സ്‌പുട്‌നിക്ക് വി വാക്‌സിന്റെ 1.50 ലക്ഷം ഡോസ് ഇന്ത്യയിലെത്തി. മോസ്‌കോയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് ഹൈദരാബാദിലാണ് വാക്സിനെത്തിയത്. 30 ലക്ഷം ഡോസ് കൂടി ഈ മാസമെത്തും.

90 ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ളതാണ് സ്‌പുട്നിക്ക്. 21 ദിവസമാണ് രണ്ട് ഡോസുകളുടെ ഇടവേള. പൂർണമായും സ്വകാര്യ വിപണിയിലായിരിക്കും ഉപയോഗിക്കുക. ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനാണ് സ്‌പുട്‌നിക്ക്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് സ്‌പുട്‌നിക്ക് ഇറക്കുമതി ചെയ്തത്. പത്തുകോടി ഡോസ് ഇറക്കുമതി ചെയ്യാനാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി കരാറുണ്ടാക്കിയത്.

ഏപ്രിൽ 13ന് സ്‌പുട്‌നിക്കിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ഡ്രഗ്‌സ് കൺട്രോളർ നൽകിയിരുന്നു. വാക്‌സിനേഷന് മുൻപ് കസൗളിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ ഗുണമേന്മ പരിശോധിച്ച് അനുമതി വാങ്ങേണ്ടതുണ്ട്.

ഹെറ്ററോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, പാനസീയ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളും ഇന്ത്യയിൽ സ്‌പുട്നിക്ക് നിർമ്മിക്കാൻ ആർ.ഡി.ഐ.എഫുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. വർഷം 80 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാണം ജൂലായിൽ തുടങ്ങിയേക്കും.