ഹൃദയത്തിന്റെ മിഴികളാൽ ലോകം ദർശിച്ച പ്രതിഭ

Sunday 02 May 2021 12:15 AM IST

മുഖത്തുള്ള കണ്ണുകൾ കൊണ്ടല്ല സത്യജിത് റേ ലോകത്തെ കണ്ടത്. ഹൃദയത്തിന്റെ ആർദ്രമായ കണ്ണുകൾ കൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ മനുഷ്യന്റെ വൈകാരികമായ അവസ്ഥകളാണ് അദ്ദേഹത്തിന്റെ സിനിമകളെ നയിച്ചിരുന്നത്.

റേയെ സ്വാധീനിച്ചവർ, റേയെ കൊണ്ടു നടന്നവർ, റേയ്ക്ക് ഊർജ്ജം പകർന്ന മേഖലകൾ. അതെല്ലാം ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കണ്ണുകളെയാണ് സ്വാധീനിച്ചത്. ആ സ്വാധീനത്തിൽ നിന്നു കൊണ്ട് അദ്ദേഹമൊരുക്കിയ സിനിമകൾ ജനം പെട്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ഇപ്പോഴും ആ സിനിമകൾക്ക് പ്രസക്തിയുണ്ട്. അതുകൊണ്ടാണ് ഇന്നും നാം ആ ചലച്ചിത്രകാരനെ ഓർക്കുന്നത്.

സത്യജിത് റേ ശാന്തിനികേതനിൽ പഠിച്ചശേഷം ഇംഗ്ലണ്ടിൽ പോയി ഉന്നതവിദ്യാഭ്യാസം നേടി. അവിടെ നിന്നും സിനിമകൾ കാണുന്നു. അങ്ങനെ പകർന്നു കിട്ടിയ ചിന്തകളുമായി നാട്ടിലേക്ക് വരുന്നു. അവിടെ ഫിലിം സൊസൈറ്റിയുണ്ടാക്കി എത്രയോ കാലം കഴിഞ്ഞാണ് കേരളത്തിൽ ഫിലിം സൊസൈറ്റി വരുന്നത്. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹത്തിന്റെ സാഹിത്യപരമായ സംവേദനക്ഷമത വളർന്നുകൊണ്ടിരുന്നു. സ്വന്തം കുടുംബത്തിൽ ടാഗോറിനെ പോലുള്ളവരുടെ ബന്ധങ്ങൾ, നല്ല കൃതികൾക്കുള്ള അന്വേഷണം, ബംഗാളിലെ എഴുത്തുകാർ, ചിത്രകാരന്മാർ, പ്രസാധകർ എല്ലാം അദ്ദേഹത്തിന്റെ സിനിമകളെ രൂപപ്പെടുത്തിന് സഹായിച്ചു.

വൈകാരികമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിലും, അതിനകത്ത് ഒരു രീതിയിലുള്ള വയലൻസുമില്ലായിരുന്നു. മനുഷ്യന്റെ നീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. ആ സ്വാധീനം ലഭിച്ചിട്ടുണ്ടാകുക ടോൾസ്റ്റോയ്, ദസ്തേവ്സ്കി തുടങ്ങിയ റഷ്യൻ എഴുത്തുകാരിൽ നിന്നായിരിക്കും.

റേയുടെ ഏറ്റവും നല്ല സിനിമയായി ഞാൻ കാണുന്നത് ചാരുലതയും ദേവിയുമാണ്. 'പഥേർ പാഞ്ചാലി'യുടെ എഴുത്തിൽ എല്ലാമുണ്ട്. റേയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതായി ഉണ്ടായിരുന്നില്ല.

'ചാരുലത' ടാഗോറിന്റെ വ്യക്തി ജീവിതത്തിലെ ഒരദ്ധ്യായമാണ്. ടാഗോർ തന്നെ അതിനെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്. വായനയുടെ ലോകത്ത് കഴിയുന്ന ആളാണ് അതിലെ നായിക.

മനുഷ്യബന്ധങ്ങളിലെ ഏറ്റവും സെൻസിറ്റീവായതിനെ ആധാരമാക്കി റേ സിനിമ ഒരുക്കിയതിന്റെ മികച്ച ഉദാഹരണമാണ് ഈ സിനിമ. യഥാർത്ഥത്തിലുണ്ടായ ചെറിയ സംഭവത്തെ രണ്ടു മണിക്കൂർ സിനിമയാക്കി. ശബ്ദം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ സിനിമ. ബൈനാക്കുലർ സിനിമാറ്റിക് ഉപകരണമാക്കുന്നത് ആ സിനിമയിലാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിൽ ജീവിച്ചിരുന്ന ചാരു എന്ന ഏകാകിനിയായ ഭാര്യയുടെയും അമൽ എന്ന ഭർതൃസഹോദരനെക്കുറിച്ച് അവൾക്കുണ്ടായിരുന്ന ഉത്‌കണ്ഠകളുടെയും കഥ ഹൃദയത്തിന്റെ കണ്ണുകൊണ്ടാണ് അദ്ദേഹം കണ്ടത്. ചാരുവായി വേഷമിട്ട മാധവി മുഖർജി ശരിക്കും അത്ഭുതപ്പെടുത്തി.

കാഴ്ചയിലെ വേദന തന്നെയാണ് 'ദേവി'യിലും കാണുന്നത്. സാധാരണ ഒരു സ്ത്രീ പെട്ടെന്ന് ദേവിയുടെ പരിവേഷത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സിനിമ. ഷർമ്മിള ടാഗോറായിരുന്നു കേന്ദ്രകഥാപാത്രം. കൊൽക്കത്ത സ്ത്രീശക്തിയുടെ കൂടി നാടാണ്. ആ നഗരത്തിന്റെ ശക്തിയായി അവിടെയുളളവർ കാണുന്നത് കാളിയെയാണ്.

ഷർമ്മിളയെ സിനിമയ്ക്ക് പരിചയപ്പെടുത്തിയതും റേ ആയിരുന്നു. ഉന്നതമായ സംസ്കാരമാണ് എല്ലാറ്റിനേയും നയിക്കേണ്ടത് എന്ന വിശ്വാസവും തിരിച്ചറിവും സ്വന്തം കാര്യത്തിനു വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടി കൂടി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. ശാന്തിനികേതനിലെ പഠനകാലത്ത് ഇന്ദിരാഗാന്ധിയും അവിടെയുണ്ടായിരുന്നു. അവർ നല്ല സൗഹൃദത്തിലായിരുന്നു. 'പഥേർ പാഞ്ചാലി ' കാൻ ഫിലിം ഫെസ്റ്റിവലിലെത്തിക്കാൻ ജവഹർലാൽ നെഹ്റു മുൻകൈ എടുത്തത് ഈ അടുപ്പത്തിന്റെ ഫലമായിട്ടായിരുന്നു. അദ്ദേഹത്തിന്റ പാളിപ്പോയ സിനിമ 'ശത്രഞ്ജ് കേ ഖിലാഡി' മാത്രമാണ്. കൂട്ടുകാരുടെ നിർബന്ധ പ്രകാരമാണ് ആ ചിത്രമെടുത്തത് .

ഇപ്പോഴും സത്യജിത് റേ ഓർമ്മിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സിനിമകൾ അനശ്വരമായതു കൊണ്ടാണ്. ആ സിനിമകളെ ഹൃദയത്തിൽ സ്വീകരിക്കാൻ പുതിയ തലമുറയ്ക്കും കഴിയും.