ഗുജറാത്തിൽ വീണ്ടും ദുരന്തം: കൊവിഡ് ആശുപത്രിയിൽ തീപിടിച്ച് 18 മരണം
Sunday 02 May 2021 12:31 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ ബറൂച്ചിൽ കൊവിഡ് ആശുപത്രിയിലെ ഐ.സി.യുവിൽ തീപിടിച്ച് 16 രോഗികളും രണ്ട് നഴ്സുമാരും മരിച്ചു. ഒരു ട്രസ്റ്റിന് കീഴിലുള്ള ബറൂച്ച് വെൽഫയർ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തീപിടിച്ചത്. ഐ.സി.യുവിൽ 27 രോഗികളുണ്ടായിരുന്നു. മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അഗ്നിസേനയും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
നേരത്തെയും ഗുജറാത്തിൽ മറ്റൊരു കൊവിഡ് ആശുപത്രിയിൽ തീപിടിച്ച് കൊവിഡ് രോഗികൾ മരിച്ചിരുന്നു.