ആശങ്ക വർദ്ധിക്കുന്നു ഏപ്രിലിൽ മാത്രം 44,000 ഓളം രോഗികൾ

Sunday 02 May 2021 1:38 AM IST

തൃശൂർ: നിയന്ത്രണം കടുപ്പിച്ചെങ്കിലും ശമനമില്ലാതെ കൊവിഡ് ബാധ. ഏപ്രിലിൽ മാത്രം റിപ്പോർട്ട് ചെയ്തത് 43,847 രോഗികളാണ്. കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് വലിയ കുതിച്ചു കയറ്റം ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 12000 ൽ ഏറെ രോഗികളുണ്ടായി. ഇതിൽ രണ്ടു ദിവസം നാലായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിരക്ക് . 4281 പേർക്കായിരുന്നു രോഗബാധ.

15,115 പേരിൽ പരിശോധന നടത്തിയപ്പോഴാണ് ഇത്ര പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 28 ന് 4107 രോഗികൾ ഉണ്ടായപ്പോൾ പരിശോധിച്ചത് 12576 പേരെയാണ്. അന്ന് പൊസിറ്റിവിറ്റി നിരക്ക് 32.33 ശതമാനമായിരുന്നു. വെള്ളിയാഴ്ച അത് 28.32 ആയി. ഈ മാസം ആദ്യം പൊസിറ്റിവിറ്റി നിരക്ക് 1.7 ശതമാനത്തിൽ നിന്നാണ് ഒറ്റയടിക്ക് 32 ന് മുകളിലെത്തിയത്. ജില്ലയിലെ 86 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. പകുതിയിലേറെ പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണിലാണ്. ഇതിനു പുറമെ 144 ഉം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കൂടാതെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ ഭൂരിഭാഗം ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണിലാണ്.

മരണം 79

രോഗികളുടെ എണ്ണത്തിന്റെ വർദ്ധനവിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് വെബ്‌സൈറ്റിൽ 79 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ കണക്കല്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. മെഡിക്കൽ കോളേജിൽ മാത്രം ദിനവും പത്തു മുതൽ 20 മരണം റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. ഇതിൽ 95 ശതമാനത്തോളം പേർ ജില്ലയിൽ നിന്നുള്ളവരാണ്.

ആശങ്ക വർദ്ധിക്കുന്നു

രോഗവ്യാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ അത് ഈ മാസം ഒരു ലക്ഷത്തിനടുത്ത് വരെയെത്താനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഏപ്രിൽ 1 മുതൽ 17 വരെ 6,326 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ബാക്കിയുള്ള 13 ദിവസത്തിനുള്ളിൽ 37,521 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

  • ഏപ്രിൽ മാസം
  • 43,847
  • ഏപ്രിൽ 1 മുതൽ 17 വരെ
  • 6,326
  • 18 മുതൽ 30 വരെ
  • 37,521.
Advertisement
Advertisement