പ്രതികരണങ്ങൾ

Monday 03 May 2021 12:42 AM IST

വികസനത്തിന്റെ വിജയം: ആർ. നാസർ (സി.പി.എം ജില്ലാ സെക്രട്ടറി)

എൽ.ഡി.എഫ് നടപ്പാക്കിയ സമാനതകളില്ലാത്ത വികസനമാണ് ജില്ലയിലെ ഉജ്ജ്വല വിജയത്തിന്റെ അടിസ്ഥാനം. ഒമ്പതിൽ എട്ടു മണ്ഡലങ്ങളും നിലനിറുത്താനായി. കടുത്ത പോരാട്ടത്തിനൊടുവിലാണ് രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട്ട് ജയിക്കാനായത്. പ്രതിപക്ഷവും ഒരു വിഭാഗം മാദ്ധ്യമങ്ങളും നടത്തിയ അപവാദ, കള്ള പ്രചാരണങ്ങളെയെല്ലാം ജനം തള്ളിക്കളഞ്ഞതിന്റെ തെളിവാണ് വിജയം. ജില്ലയിൽ നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റമാണ് എൽ.ഡി.എഫിന് നടത്തുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം നേടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച ഏക സീറ്റ് ആലപ്പുഴയിലെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച എട്ടുപേരും ജനങ്ങളുടെ പ്രതീക്ഷയേക്കാൾ ഉപരിയായി വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള അംഗീകാരമാണ് ലഭിച്ചത്. സംസ്ഥാനത്താകെ നടന്ന വികസന പ്രവർത്തനങ്ങളുടെ ചൂണ്ടുപലകയായി ജില്ല മാറുകയായിരുന്നു. എൽ.ഡി.എഫിനെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി.

 ജനവിധി മാനിക്കുന്നു: എം.വി. ഗോപകുമാർ (ജില്ലാ പ്രസിഡന്റ്, ബി.ജെ.പി)

ബി.ജെ.പി അധികാരത്തിൽ എത്താതിരിക്കാൻ കോൺഗ്രസും സി.പി.എമ്മും നടത്തിയ ഒത്തുകളി രാഷ്ട്രീയമാണ് വെളിപ്പെട്ടത്. പോസ്റ്റൽ ബാലറ്റിലും സ്പെഷ്യൽ ബാലറ്റിലും വ്യാപകമായ ക്രമക്കേടു നടന്നതായി സംശയിക്കുന്നു. ജില്ലയിൽ ബി.ജെ.പിയുടെ അടിസ്ഥാന വോട്ടിൽ ചോർച്ച ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. വരുംദിവസങ്ങളിലും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കും.

 പരാജയം അപ്രതീക്ഷിതം: എം. ലിജു (ഡി.സി.സി വൈസ് പ്രസിഡന്റ്)

ജില്ലയിൽ മികച്ച വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. പരാജയം അപ്രതീക്ഷിതമായിരുന്നു. പരാജയ കാരണം പാർട്ടിതലത്തിൽ വിശദമായി ചർച്ച ചെയ്യും. ദേശീയ-സംസ്ഥന നേതൃത്വങ്ങൾ ഉചിതമായ തീരുമാനം കൈകൊള്ളും

Advertisement
Advertisement