ജില്ലയിലെങ്ങും ചുവപ്പ് രാശി

Monday 03 May 2021 2:22 AM IST
തിരുവനന്തപുരം:ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇടതുകാറ്റ് ആഞ്ഞടിച്ചപ്പോൾ പതിവ് കോൺഗ്രസ് കോട്ടകൾ വരെ കടപുഴകിയെറിഞ്ഞാണ് ജില്ലയിലാകമാനം എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളിൽ വിജയിക്കുകയും പിന്നാലെ നടന്ന വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ഒരു മണ്ഡലം നഷ്ടപ്പെട്ട് സീറ്റ് മൂന്നായി ചുരുങ്ങുകയും ചെയ്ത കോൺഗ്രസിന് ഇക്കുറി കേവലം ഒരു സീറ്റ് മാത്രമായി. സിറ്റിംഗ് സീറ്റായ കോവളം നിലനിറുത്താൻ കഴിഞ്ഞതു മാത്രമാണ് ആശ്വാസം.നഗരാതിർത്തിക്ക് പുറത്തുള്ള 10 മണ്ഡലങ്ങളിൽ എട്ടിലും ഇടതു തേരോട്ടം നടത്തിയപ്പോൾ 30 വർഷമായി കൈയിലുണ്ടായിരുന്ന അരുവിക്കര നഷ്ടമായത് കനത്ത പ്രഹരമായി.

തിരുവനന്തപുരം:ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇടതുകാറ്റ് ആഞ്ഞടിച്ചപ്പോൾ പതിവ് കോൺഗ്രസ് കോട്ടകൾ വരെ കടപുഴകിയെറിഞ്ഞാണ് ജില്ലയിലാകമാനം എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളിൽ വിജയിക്കുകയും പിന്നാലെ നടന്ന വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ഒരു മണ്ഡലം നഷ്ടപ്പെട്ട് സീറ്റ് മൂന്നായി ചുരുങ്ങുകയും ചെയ്ത കോൺഗ്രസിന് ഇക്കുറി കേവലം ഒരു സീറ്റ് മാത്രമായി. സിറ്റിംഗ് സീറ്റായ കോവളം നിലനിറുത്താൻ കഴിഞ്ഞതു മാത്രമാണ് ആശ്വാസം.നഗരാതിർത്തിക്ക് പുറത്തുള്ള 10 മണ്ഡലങ്ങളിൽ എട്ടിലും ഇടതു തേരോട്ടം നടത്തിയപ്പോൾ 30 വർഷമായി കൈയിലുണ്ടായിരുന്ന അരുവിക്കര നഷ്ടമായത് കനത്ത പ്രഹരമായി.

പിടിച്ചെടുത്ത് സ്റ്റീഫൻ

1991-ൽ ആർ.എസ്.പിയിലെ കെ.പങ്കജാക്ഷനിൽ നിന്ന് കോൺഗ്രസ് നേതാവ് ജി.കാർത്തികേയൻ പിടിച്ചെടുത്ത ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായെങ്കിലും 30 വർഷമായി കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു. ജി.കാർത്തികേയന്റെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.ശബരിനാഥന്റെ കൈയിൽ നിന്ന് സി.പി.എം നേതാവ് അഡ്വ.ജി.സ്റ്റീഫൻ ഇക്കുറി സീറ്റ് പിടിച്ചെടുത്തത് 5,046 വോട്ടുകൾക്കാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയ കെ.എസ്. ശബരിനാഥനെ തോൽപ്പിച്ച മത്സരം ആദ്യാവസാനംവരെ വീറും വാശിയും നിറഞ്ഞുനിന്നതായിരുന്നു. മണ്ഡലത്തിലെ മിക്കവാറും എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫിനെ തുണച്ചതോടെയാണ് വിജയം സുനിശ്ചിതമായത്.കോൺഗ്രസ് പഞ്ചായത്തുകളായ വെള്ളനാട്,പൂവച്ചൽ ,തൊളിക്കോട് എന്നിവയടക്കം എൽ.ഡി.എഫിനൊപ്പമായതാണ് തുണയായത്.2016 ലെ തിരഞ്ഞെടുപ്പിൽ 21,314 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ശബരിനാഥനാണ് ഇക്കുറി 5,046 വോട്ടിന് പരാജയപ്പെട്ടത്.

ജോയിയാണ് വിജയി

മണ്ഡലത്തിലെ എട്ടുപഞ്ചായത്തിലും നേടിയ തിളക്കമാർന്ന ലീഡാണ് വർക്കലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയിയെ 17025 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്.ശക്തമായ മത്സരം നടന്ന വർക്കലയിൽ പക്ഷേ, ഒരു പഞ്ചായത്തിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം.ഷഫീറിന് ലീഡ് ചെയ്യാനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2386 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.ജോയി ഇക്കുറി ലീഡ് ഉയർത്തിയാണ് വിജയം പിടിച്ചെടുത്തത്. ഇടവ പഞ്ചായത്ത് - 2584, ഇലകമൺ -2459, ചെമ്മരുത്തി -3162,നവായിക്കുളം -1867, പള്ളിക്കൽ -1488, മടവൂർ -1367, വെട്ടൂർ -1312, വർക്കല മുനിസിപ്പാലിറ്റി -2636 എന്നിങ്ങനെയാണ് എൽ .ഡി.എഫിന് ലഭിച്ച ലീഡ്.

അനിലിന്റെ പടയോട്ടം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം 3,621 വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന നെടുമങ്ങാട് മണ്ഡലത്തിൽ ഇക്കുറി നടന്നത് കടുത്ത മത്സരമാണ്. വോട്ടെടുപ്പിന് ശേഷം നെടുമങ്ങാട് മണ്ഡലത്തിൽ വിജയം അസാദ്ധ്യമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.എന്നാൽ സി.പി.ഐ സ്ഥാനാർത്ഥി ജി.ആർ.അനിൽ തറപ്പിച്ചുപറഞ്ഞു 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്. ഫലം വന്നപ്പോൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും ലീഡ് ഉറപ്പിച്ച് ജി.ആർ.അനിൽ നേടിയത് 23,309 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ചരിത്രവിജയം. ഒരു പഞ്ചായത്തിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്തിന് ലീഡ് ചെയ്യാനായില്ല.കരകുളം, മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകൾ,നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഉയർന്ന ലീഡാണ് ജി.ആർ.അനിൽ നേടിയത്.


ആറ്റിങ്ങലിൽ അങ്കം ജയിച്ച് അംബിക

ചുവപ്പിനോട് എന്നും ആഭിമുഖ്യമുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക നേടിയത് 31,636 വോട്ടിന്റെ ഭൂരിപക്ഷം. ഇക്കുറി യു.ഡി.എഫ് സ്ഥാനാത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി ബി.ജെ.പി സ്ഥാനാർത്ഥി പി.സുധീർ രണ്ടാം സ്ഥാനത്തെത്തി. 38262 വോട്ടാണ് സുധീർ നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ. ശ്രീധരൻ ആകെ നേടിയത് 36,938 വോട്ടാണ്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, കരവാരം,കിളിമാണോർ, നഗരൂർ, പഴയകുന്നിന്മേൽ ചെറുന്നിയൂർ തുടങ്ങി എല്ലാ പഞ്ചായത്തുകളിലും വൻ ലീഡാണ് അംബിക നേടിയത്.

ഒരിക്കൽക്കൂടി ആൻസലൻ

നെയ്യാറ്റിൻകര മണ്ഡലത്തിൽ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി കെ.ആൻസലൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 9,543 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഇക്കുറി 14,262വോട്ടിന് വിജയിച്ചത്.അതിയന്നൂർ, ചെങ്കൽ, കാരോട്, തിരുപുറം, കുളത്തൂർ എന്നീ പഞ്ചായത്തുകൾ കൂടാതെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലും വൻ ലീഡാണ് ആൻസലൻ നേടിയത്.കോൺഗ്രസ് സ്ഥാനാർത്ഥി ആർ.സെൽവരാജ് ഒരുഘട്ടത്തിൽ പോലും ലീഡ് നില ഉയർത്തിയില്ല.ആദ്യാവസാനം കെ. ആൻസലൻ തന്നെയാണ് ലീഡ് ചെയ്‍തത്.

ചിറയിൻകീഴിന്റെ ശശി

സ്ഥിരമായി എൽ.ഡി.എഫ് വിജയിക്കുന്ന ചിറയിൻകീഴ് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥി വി.ശശി 14,017 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ബി.എസ്.അനൂപ് ആദ്യാവസാനം പിറകിലായിരുന്നു. മുദാക്കൽ പഞ്ചായത്തിൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. കടയ്ക്കാവൂർ പഞ്ചായത്തിലാണ് അല്പം ലീഡ് കുറഞ്ഞത്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ 854 വോട്ടാണ് വി.ശശിക്ക് ലീഡ് ലഭിച്ചത്. കിഴുവിലം,ചിറയിൻകീഴ്, മംഗലപുരം,കഠിനംകുളം അടക്കം എല്ലാ പഞ്ചായത്തിലും വലിയ ലീഡാണ് വി.ശശിക്ക് ലഭിച്ചത്.


കോവളത്തിന്റെ മുത്ത്

ജില്ലയിൽ കോൺഗ്രസിന് ആശ്വാസ വിജയം നേടാനായ ഏക മണ്ഡലമായ കോവളത്ത് 11,562 വോട്ടിന്റെ ഭൂരിപക്ഷമാണ് എം.വിൻസന്റ് നേടിയത്.ജനതാദൾ (എസ് ) സ്ഥാനാർത്ഥി നീലലോഹിതദാസൻ നാടാർക്ക് ലഭിച്ചത് 63306 വോട്ടാണ്.തീരദേശ മേഖലയിലും മറ്റു പഞ്ചായത്തുകളിലും ലീഡ് നിലനിറുത്തിയതാണ് വിൻസെന്റിന്റെ വിജയത്തിന് ആധാരമായത്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വിൻസന്റിന്റെ ലീഡ് ഉയർന്നുതന്നെ നിലനിന്നിരുന്നു.കരുംകുളം,പൂവാർ,വിഴിഞ്ഞം കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിൽ വിൻസന്റ് നേടിയ വോട്ടുകളാണ് വിജയത്തിന് നിർണായക ഘടകമായത്. ബി.ജെ.പി സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖരൻ നേടിയത് 18,664 വോട്ടുകൾ മാത്രമാണ്.

കാട്ടാക്കടയുടെ സതീഷ്

2016-ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ച ജില്ലയിലെ ഏകമണ്ഡലമായ കാട്ടാക്കടയിൽ ഇക്കുറി സി.പി.എം സ്ഥാനാർത്ഥി ഐ.ബി.സതീഷ് നേടിയത് 23195 വോട്ടിന്റെ ഭൂരിപക്ഷം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 849 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഐ.ബി.സതീഷ് നേടിയത്.കാട്ടാക്കട, മലയിൻകീഴ്,മാറനല്ലൂർ,വിളപ്പിൽ, വിളവൂർക്കൽ,പള്ളിച്ചൽ പഞ്ചായത്തുകളിൽ ഐ.ബി.സതീഷ് വ്യക്തമായ ഭൂരിപക്ഷമാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാൽ 43062 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് 34642 വോട്ടുമാണ് നേടിയത്.

ഹരീന്ദ്രൻ റീ ലോഡഡ്

ത്രികോണ സാദ്ധ്യതയുള്ള മണ്ഡലമെന്ന് സംസാരമുണ്ടായിരുന്ന പാറശാല മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ സി.കെ.ഹരീന്ദ്രൻ വിജയിച്ചത് 25029 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2016 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച 18,566 വോട്ടിന്റെ ഭൂരിപക്ഷം പഴങ്കഥയാക്കിയാണ് സി.കെ.ഹരീന്ദ്രൻ ഇക്കുറിയും വിജയിച്ചത്.കോൺഗ്രസ് സ്ഥാനാർത്ഥി അൻസജിതാ റസൽ 51273 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി കരമന ജയൻ 29195 വോട്ടുമാണ് നേടിയത്. കൊല്ലായിൽ, കുന്നത്തുകാൽ, പാറശാല എന്നീ മണ്ഡലങ്ങളിൽ നല്ല ലീഡാണ് ഹരീന്ദ്രൻ നേടിയത്.

ഡി.കെ. മുരളി വീണ്ടും

കടുത്ത മത്സരം നടന്ന വാമനപുരം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഡി.കെ.മുരളി തന്നെ വീണ്ടും വിജയിച്ചത് 9397 വോട്ടിന്റെ ഭൂരിപക്ഷത്തിന്.ഡി.കെ.മുരളിക്ക് 70468 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ആനാട് ജയന് 61071 വോട്ട് ലഭിച്ചു.പെരിങ്ങമ്മല, നെല്ലനാട്, പനവൂർ തുടങ്ങി എല്ലാ പഞ്ചാത്തുകളിലും നേടിയ ലീഡാണ് മുരളിയെ വിജയത്തിലെത്തിച്ചത്.

Advertisement
Advertisement