ബി ജെ പിക്ക് തൊട്ടതെല്ലാം പിഴച്ചു, മുന്നണി മര്യാദപോലും അണികൾ പാലിച്ചില്ല, മോശം പ്രകടനത്തിന് സംസ്ഥാന നേതൃത്വത്തെ കാത്തിരിക്കുന്നതെന്ത് ?

Monday 03 May 2021 10:45 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്തത് ബി.ജെ.പി നേതൃത്വത്തെ വിഷമ വൃത്തത്തിലാക്കി. മോശം പ്രകടനത്തിന് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. വീഴ്ചകളുടെ കാരണം പാർട്ടി പരിശോധിക്കുമെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു.

മറ്റ് രണ്ട് മുന്നണികളെയും അപേക്ഷിച്ച് ബി.ജെ.പിയുടെ മുന്നണി പേരിന് മാത്രമായി. ഇരുമുന്നണികളുമായി ബി.ജെ.പി ഏതാണ്ട് ഒറ്റയ്ക്കാണ് പോരാടിയത്. മുന്നണിയിൽ സാമാന്യം സ്വാധീനമുള്ള ഘടകകക്ഷി ബി.ഡി.ജെ.എസ് മാത്രമാണ്. വർഷങ്ങളായി ഒറ്റയ്ക്ക് പ്രവർത്തിച്ചതിനാൽ ബി.ജെ.പിയുടെ അണികൾ പലയിടത്തും മുന്നണി മര്യാദ പാലിച്ചില്ല. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച നല്ലൊരു ശതമാനം പിന്നാക്ക വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയി. മത ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട സാമുദായിക സംഘടനകൾ എൽ.ഡി.എഫും,യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ചപ്പോഴും, ഭൂരിപക്ഷ സമുദായ സംഘടനകളെ ആകർഷിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ക്രിസ്ത്യൻ മത വിഭാഗങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല.

സംസ്ഥാന സർക്കാരിനെതിരായ അഴിമതി, കള്ളക്കടത്ത് ആരോപണങ്ങളൊക്കെ സജീവമായി ഉയർത്തിക്കൊണ്ടുവന്നെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞില്ല. സംഘടനാ ദൗർബല്യമായിരുന്നു പ്രധാന കാരണം.

സ്ഥാനാർത്ഥി നിർണയത്തിലും ബി.ജെ.പിക്ക് അപാകതകളുണ്ടായി. കേരള യാത്ര അവസാനിച്ച് ബി.ജെ.പി സ്ഥാനാർത്ഥി നിർണയം തുടങ്ങിയപ്പോഴേക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. പലയിടത്തും മികച്ച സ്ഥാനാർത്ഥികളെ നിറുത്താൻ കഴിഞ്ഞില്ല. നേമത്തെ സിറ്റ്ംഗ് സീറ്റ്നിലനിറുത്താനാകാത്തതും വലിയ വീഴ്ചയായി. നിയമസഭയിൽ പലപ്പോഴും എൽ.ഡി.എഫിനെ തുറന്നെതിർക്കാതിരുന്ന ഏക അംഗം ഒ.രാജഗോപാലിന്റെ നിലപാടും പാർട്ടി അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി. നേമത്തെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം രാജഗോപാലിന്റെ പ്രസ്താവനകളും ദോഷം ചെയ്‌തെന്നാണ് വിലയിരുത്തൽ.