താലൂക്ക് ആശുപത്രിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല
ആറ്റിങ്ങൽ: കൊവിഡ് വാക്സിൻ എടുക്കാൻ ജനം ഇടിച്ചു കയറിയതോടെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാവാതെ വലഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ധാരാളം മുതിർന്ന പൗരന്മാർ ആശുപത്രിയിൽ വാക്സിൻ എടുക്കുന്നതിനായി എത്തിയത്. ഇതോടെ ആശുപത്രി പരിസരത്ത് ഉന്തും തള്ളുമായി. ക്യൂ പാലിക്കാനോ അകലം പാലിക്കാനോ ശ്രദ്ധിക്കാതെയാണ് ജനം തള്ളിയത്. ആശുപത്രിയിൽ ഇവരെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. ജനം കൂടുതലായി എത്തിയതോടെ ആശുപത്രി അധികൃതർക്കും യാതൊന്നും ചെയ്യാനാവാത്ത സ്ഥിതിയായി. സംഭവം അറിഞ്ഞ് ആറ്റിങ്ങൽ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് അനൗൺസ്‌മെന്റ് ചെയ്തതോടെയാണ് നാട്ടുകാർ അല്പമെങ്കിലും അകലം പാലിക്കാൻ തയ്യാറായത്. അടുത്ത ദിവസം മുതൽ വോളന്റിയർമാരെ ആശുപത്രിയിലെ പ്രശ്നം പരിഹരിക്കാൻ ഏർപ്പെടുത്തുമെന്നും കയർ കെട്ടി തിരിച്ച് ജനത്തെ നിയന്ത്രിക്കുമെന്നും സി.ഐ പറഞ്ഞു. ആശുപത്രി അധികൃതർക്ക് പറ്റിയ ചെറിയ പിഴവാണ് പ്രശ്നം കൂടുതൽ വഷളാകാൻ കാരണം. വാക്സിൻ എത്തിയതു സംബന്ധിച്ച അറിയിപ്പ് സമയക്രമം പറയാതെ നൽകിയതാണ് പ്രശ്നമായത്. കൂടാതെ ആദ്യം എത്തുന്ന മുറയ്ക്ക് ടോക്കൺ നൽകാതിരുന്നതും വിനയായി. ജനം ഇത്തരത്തിൽ തള്ളിക്കയറിയാൽ ആശുപത്രിയിൽ എത്തുന്നവർക്ക് കൊവിഡ് പടരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകി.