കേരള രാഷ്ട്രീയത്തിലെ അതികായൻ

Tuesday 04 May 2021 4:06 PM IST

കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അരനൂറ്റാണ്ടിലേറെക്കാലം തലയെടുപ്പോടെ നിറഞ്ഞുനിന്ന അതികായനായിരുന്നു ഇന്നലെ അന്തരിച്ച മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി)​ ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള.

മറ്റുള്ളവർ യോജിച്ചാലും വിയോജിച്ചാലും തനിക്ക് പറയാനുള്ള അഭിപ്രായം ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നു പറയാൻ ബാലകൃഷ്ണപിള്ള ഒരിക്കലും മടിച്ചിരുന്നില്ല. ഇത്തരം തുറന്നുപറച്ചിൽ പല പൊല്ലാപ്പുകളിലും അദ്ദേഹത്തെ കൊണ്ടെത്തിച്ചിട്ടുണ്ടെങ്കിലും സ്വന്തം ശരികളിലും അതിന്റെ പ്രായോഗികതയിലും അദ്ദേഹം ഉറച്ചുനിന്നു.

കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ബാലകൃഷ്ണപിള്ള ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിലേക്ക് പോവുകയും കേരള കോൺഗ്രസ് രൂപീകരണത്തിനു വേണ്ടി പാർട്ടി വിട്ടിറങ്ങുകയുമായിരുന്നു. ഇരുപത്തിയഞ്ചാമത്തെ വയസിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പലവട്ടം എം.എൽ.എയായും മന്ത്രിയായും സേവനമനുഷ്ഠിച്ചു. മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്കും വിജയിച്ചിട്ടുണ്ട്. ഉജ്ജ്വല വാഗ്മി, മികച്ച സംഘാടകൻ,സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ എന്നും ശ്രദ്ധേയനായിരുന്നു.

ശ്രീമൂലം പ്രജാസഭാംഗവും ധനാഢ്യനുമായിരുന്നു അച്ഛൻ കീഴൂട്ട് രാമൻപിള്ള. സമ്പന്നമായ കുടുംബ പശ്ചാത്തലത്തിലായിരുന്നു ജനനം. സമുദായ സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ബാലകൃഷ്ണപിള്ള എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ഗതാഗതം , എക്സൈസ്, വൈദ്യുതിയടക്കം മന്ത്രിസ്ഥാനം വഹിച്ച വകുപ്പുകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ബാലകൃഷ്ണപിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാദങ്ങളിൽച്ചെന്നു ചാടി മന്ത്രിപദവി നഷ്ടമായ അവസരവും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിലേറെ ചർച്ചചെയ്യപ്പെട്ടത് കേരളത്തിന് അനുവദിക്കപ്പെട്ട കോച്ച് ഫാക്ടറി ഇവിടെ നിന്നും മാറ്റിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ചു നടത്തിയ പ്രസംഗമായിരുന്നു. പഞ്ചാബ് മോഡൽ പ്രസംഗമെന്നാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. പഞ്ചാബിൽ വിഘടനവാദം ശക്തമായ വേളയായിരുന്നതിനാൽ അത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെട്ടു. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും സദുദ്ദേശത്തോടെ താൻ നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുകയാണുണ്ടായതെന്ന് പിള്ള പിന്നീട് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

കേരള നിയമസഭയിലും പാർലമെന്റിലും നാടിന്റെ ശബ്ദം പ്രതിദ്ധ്വനിപ്പിക്കാൻ അദ്ദേഹം എന്നും പരിശ്രമിച്ചിരുന്നു. ഐക്യജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന പിള്ള വിടപറയുമ്പോൾ ഇടതു മുന്നണിയുടെ പക്ഷത്തായിരുന്നു. ഇടതുമുന്നണി തുടർഭരണം നേടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും മകൻ കെ.ബി. ഗണേശ് കുമാറിനു വേണ്ടി പ്രചാരണത്തിലേർപ്പെടുകയും ചെയ്തിരുന്നു. മുന്നണിയുടെയും മകന്റെയും വിജയവാർത്ത അറിഞ്ഞുകൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. കേരളകോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമായ നേതാവായിരുന്നു ബാലകൃഷ്ണപിള്ള. ഞങ്ങളുടെ സുഹൃത്തായ അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Advertisement
Advertisement