കൊവിഡ് ഭീതി: യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ജെ.സി.ബിയിൽ

Tuesday 04 May 2021 12:00 AM IST

ബംഗളൂരു: കൊവിഡ് ഭീതിയെ തുടർന്ന് വാഹനങ്ങൾ വിട്ടുനൽകാൻ ആളുകൾ മടിച്ചതോടെ, കടയുടെ മുന്നിൽ കുഴഞ്ഞുവീണു മരിച്ച യുവതിയുടെ മൃതദേഹം ജെ.സി.ബിയിൽ ആശുപത്രിയിൽ എത്തിച്ചു.

യുവതി കൊവിഡ് ബാധിച്ച് മരിച്ചതാകാമെന്ന ഭീതിയിൽ നാട്ടുകാർ വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതോടെയാണ് ജെ.സി.ബിയുടെ മുന്നിലെ ബക്കറ്റിലിട്ട് കൊണ്ടുപോകേണ്ടിവന്നത്.

എന്നാൽ, ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതിക്ക് കൊവിഡ് ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടൽ തൊഴിലാളിയായ ചന്ദ്രലേഖയാണ് (42) കടയുടെ മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്.

12കാരിയായ മകൾക്കൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രലേഖ ചിന്താമണി താലൂക്കിലെത്തിയത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം ചന്ദ്രലേഖയും മകളും സ്വന്തം നാടായ കുരുത്തഹള്ളിയിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി മുഴുവൻ ഒരു കടയുടെ മുന്നിൽ കഴിയേണ്ടി വന്നു. നാട്ടുകാരാണ് ഇവർക്ക് പ്രഭാത ഭക്ഷണം നൽകിയത്. ഇതിനിടെ പെട്ടെന്ന് ചന്ദ്രലേഖ കുഴഞ്ഞുവീണു. ആരും സഹായത്തിനെത്തിയില്ല. ഉച്ചയായിട്ടും ചന്ദ്രലേഖ എഴുന്നേൽക്കാതായതോടെ മരിച്ചെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് പൊലീസെത്തി മൃദേഹം ആശുപത്രിയിലെത്തിക്കാൻ വാഹനം ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്നാണ് അതുവഴി വന്ന ജെ.സി.ബിയിൽ മൃതദേഹം കയറ്റി ആശുപത്രിയിലെത്തിച്ചത്.

Advertisement
Advertisement