തനിയാവർത്തനമെങ്കിലും വോട്ടുകണക്കിൽ ഇടതുമുന്നേറ്റം

Tuesday 04 May 2021 1:06 AM IST

തൃശൂർ: 2016ന് സമാനമായ സീറ്റ് നിലയിലാണ് വിജയമെങ്കിലും വോട്ട് കണക്കിൽ ഇടതുമുന്നണിക്കുണ്ടായത് വൻമുന്നേറ്റം. 2.40 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. ലഭിച്ചത് 8,53,467 വോട്ടുകൾ. യു.ഡി.എഫിന് 6,12.673 വോട്ടുകളും എൻ.ഡി.എക്ക് 3,30,452 വോട്ടുകളും ലഭിച്ചു.

ജില്ലയിൽ 1970831 വോട്ടാണ് ആകെ പോൾ ചെയ്തത്. എൽ.ഡി.എഫിന് 43.30 ശതമാനവും യു.ഡി.എഫിന് 31.08 ശതമാനവും എൻ.ഡി.എയ്ക്ക് 16.76 ശതമാനവുമാണ് കിട്ടിയത്. യു.ഡി.എഫിനേക്കാൾ 12 ശതമാനം അധികം വോട്ടാണ് എൽ.ഡി.എഫ് നേടിയത്. എൻ.ഡി.എ വോട്ട് 16.76 ശതമാനമായി കുറഞ്ഞു. ചാലക്കുടി, പുതുക്കാട്, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി വോട്ടുകളിൽ കുറവുണ്ടായി.
ചേലക്കര, ഗുരുവായൂർ, കയ്പമംഗലം എന്നീ മണ്ഡലങ്ങളിൽ ഇടതുമുന്നണി 50 ശതമാനത്തിലധികം വോട്ടും നേടി.

  • കണക്കുകൾക്കപ്പുറം

സി.പി.എമ്മിന്റെ കണക്കുകളെ പോലും മാറ്റിമറിച്ച വിജയമാണ് ഇടതുപക്ഷത്തിനുണ്ടായത്. തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിൽ കടന്നു കൂടുമോയെന്ന ആശങ്കയുണ്ടായിരുന്നു. കുന്നംകുളത്ത് അട്ടിമറിയുണ്ടാകുമെന്നായിരുന്നു കോൺഗ്രസ് വിശ്വസിച്ചത്. അവിടെ 10,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സി.പി.എം പ്രതീക്ഷിച്ചത്. എന്നാൽ 26631 വോട്ടിന്റെ ഭൂരിപക്ഷമാണ് മൊയ്തീൻ നേടിയത്. ഗുരുവായൂരിൽ കെ.എൻ.എ. ഖാദറിന്റെ സാന്നിദ്ധ്യവും അബ്ദുൾ ഖാദറിന്റെ പ്രതിച്ഛായ സ്ഥാനാർത്ഥിക്ക് ഇല്ലെന്നതും ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാതായതും തിരിച്ചടിയാകുമെന്ന് ഭയന്നു. പക്ഷേ, അക്ബർ ജയിച്ചു.

ചേലക്കരയിൽ 20000 ഭൂരിപക്ഷമായിരുന്നു കരുതിയിരുന്നത്. എന്നാൽ 39,400 എന്ന വൻ ഭൂരിപക്ഷമാണ് ഇവിടെ രാധാകൃഷ്ണൻ നേടിയത്. വടക്കാഞ്ചേരിയിൽ 2000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കണക്കിൽ പക്ഷേ, 15,168 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

മറ്റു മണ്ഡലങ്ങളിലും കണക്കുകൾക്കപ്പുറം ഭൂരിപക്ഷമുണ്ടായി. ഇടതുപക്ഷം സ്വന്തം വോട്ട് നേടുകയും ബി.ജെ.പി വോട്ട് ചെയ്യിക്കുന്നതിൽ കുറവുണ്ടാവുകയും യു.ഡി.എഫ് വോട്ടിൽ ചോർച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിൽ ബാലചന്ദ്രന് നേരിയ ജയമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. അതാണ് സംഭവിച്ചതെന്നാണ് ഇടതുകേന്ദ്രങ്ങൾ കരുതുന്നത്.

  • ചാലക്കുടിയിലെ നഷ്ടം

മുൻ തിരഞ്ഞെടുപ്പിലെയും ഇപ്പോഴത്തെയും വോട്ട് കണക്കുകളെ പരിശോധിച്ചാൽ 23,306 വോട്ടിന്റെ കുറവാണ് ഇടതുപക്ഷത്തിനുള്ളത്. കഴിഞ്ഞ തവണ 43 വോട്ടിന് നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തപ്പോൾ 1057 വോട്ടിന്റെ വ്യത്യാസത്തിലാണ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകിയതോടെ ചാലക്കുടി നഷ്ടമായത്. കഴിഞ്ഞ തവണ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച സി. രവീന്ദ്രനാഥിനും (38748), ചാലക്കുടിയിൽ ബി.ഡി.ദേവസി നേടിയ (26648) വോട്ടുകളുടെയും നഷ്ടമാണ് ഇടതുപക്ഷത്തിന് കുറവുണ്ടാക്കിയത്.

Advertisement
Advertisement