ഇന്ദിരാഭവന്റെ വാതിലുകളടച്ച് നിശബ്‌ദനായി മുല്ലപ്പളളി; സന്ദർ‌ശകർക്ക് വിലക്ക്, മുറിയ്‌ക്കുളളിൽ നിന്ന് പുറത്തിറങ്ങാതെ കെ പി സി സി അദ്ധ്യക്ഷൻ

Tuesday 04 May 2021 3:55 PM IST

തിരുവനന്തപുരം: കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആരേയും കാണാതെ നിശബ്‌ദനായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. രാവിലെ എത്തിയെങ്കിലും ഗേറ്റുകൾ അടച്ച് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അദ്ധ്യക്ഷന്റെ മുറിയിൽ നിന്ന് അദ്ദേഹം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനിടെ കെ പി സി സി ഓഫീസിലെത്തിയ കെ മുരളീധരൻ മുല്ലപ്പളളിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മടങ്ങി.

നേതൃമാറ്റത്തിനായുളള മുറവിളിക്കിടെയും സ്വയം മാറില്ലെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുല്ലപ്പളളി, ഹൈക്കമാൻഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. പാർട്ടി തകർന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പളളി കെ പി സി സി ആസ്ഥാനത്ത് തുടരുന്നത് എന്നാണ് ആക്ഷേപം.

കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ കെ പി സി സി അദ്ധ്യക്ഷൻ തളളുന്നുണ്ട്. പോരാട്ടത്തിൽ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലേക്ക് ഇട്ടിരിക്കുകയാണ് അദ്ദേഹം.

അസമിലെ തോൽവിക്ക് പിന്നാലെ അവിടുത്തെ പി സി സി അദ്ധ്യക്ഷൻ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പളളിയും പിന്തുടരുമെന്നായിരുന്നു എ ഐ സി സി പ്രതീക്ഷ. മുല്ലപ്പളളിയെ മാറ്റണമെന്ന് എ ​ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെ പി സി സി പ്രസിഡന്റിനെ പാ‍ർട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡ‍ൻ എം പി തന്നെ പരസ്യവിമ‍ർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.