'പൊക്കമില്ലാത്തതാണെന്റെ പൊക്കം'; നടൻ മേള രഘു യാത്രയായി

Wednesday 05 May 2021 12:00 AM IST

ഒരു ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോളാണ് രഘുവിന്റെ മുന്നിൽ സിനിമയുടെ വാതിൽ തുറന്നത്.അട‌ഞ്ഞത് ചായക്കടയിലെ വേഷത്തിൽ അഭിനയിച്ചുകൊണ്ടും.

---------------------------------------------------------------------------------------------------------------------------------------------------------കവി കുഞ്ഞുണ്ണി മാഷ് ചൊല്ലിയതുപോലെ പൊക്കമില്ലാത്തതായിരുന്നു നടൻ രഘുവിന്റെയും പൊക്കം .

സർക്കസ് കൂടാരത്തിലെ ജോക്കർ വേഷമിട്ട് വരുന്ന നായക കഥാപാത്രമാണ് കെ.ജി.ജോർജിന്റെ മേളയിലൂടെ രഘുവിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. അത്തരം വേഷം ചെയ്യാൻ പറ്റിയ നടനെ അന്വേഷിച്ചുള്ള യാത്രയ്ക്കിടയിലാണ് സംവിധായകൻ ജോർജും നടൻ ശ്രീനിവാസനും ഒരു ചായക്കടയിൽ ചായയും കുടിച്ചിരിക്കുന്ന രഘുവിനെ കണ്ടെത്തിയത്. തങ്ങൾ അന്വേഷിച്ച നടനെ കണ്ടെത്തിയ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.

മേളയിലെ നായകനായിരുന്നു രഘു.സഹനായകനായി മമ്മൂട്ടിയും. നടൻ ശ്രീനിവാസനാണ് മമ്മൂട്ടിക്ക് മേളയിലെ കഥാപാത്രത്തെ നൽകാൻ സംവിധായകൻ ജോർജിനോട് പറയുന്നത്. മമ്മൂട്ടിക്ക് ആദ്യഘട്ടത്തിൽ ലഭിച്ച ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മേളയിലെ ബൈക്ക് ജംപർ വിജയൻ.ഗോവിന്ദൻകുട്ടി എന്നായിരുന്നു രഘു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.വിവാഹം കഴിക്കാൻ തീരുമാനിച്ച് സർക്കസ് ക്യാമ്പിൽ നിന്ന് നാട്ടിൽ എത്തുന്ന ഗോവിന്ദൻകുട്ടിയുടെ പ്രമാണിത്തവും സമ്പന്നതയും പല പെൺകുട്ടികളേയും ആകർഷിക്കുന്നു. നടി അ‌ഞ്ജലി നായിഡു അവതരിപ്പിച്ച ശാരദ എന്ന നായികാ കഥാപാത്രം ഗോവിന്ദൻ കുട്ടിയെ വിവാഹം ചെയ്യുന്നു. തന്നേക്കാൾ പൊക്കം വളരെ കുറവായിട്ടും തന്റെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ വിവാഹം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ശാരദ വിവാഹത്തിന് സമ്മതിച്ചത്.

എന്നാൽ വിവാഹശേഷം സർക്കസ് ക്യാമ്പിലെത്തിയപ്പോൾ ജോക്കർക്ക് അവിടെ വലിയ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് അവൾ തിരിച്ചറിയുന്നു.അതോടെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് അവൾ ആകൃഷ്ടയാകുന്നു.വിജയനുമായി അടുപ്പത്തിലാകുന്നു.ബൈക്ക് ജംപർ വിജയനെ ഭാര്യയെ ഏൽപ്പിച്ച് ഗോവിന്ദൻകുട്ടി ഒടുവിൽ ആത്മഹത്യ ചെയ്യുകയാണ്. വളരെ അഭിനയ പ്രധാനമായ വേഷമായിരുന്നു അനായസേന രഘു മനോഹരമാക്കിയത്. മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന രംഗങ്ങളെല്ലാം രഘു അവിസ്മരണീയമാക്കി. മനസ്സൊരു മാന്ത്രികക്കുതിരയായി എന്നുതുടങ്ങുന്ന ഗാനം ഈ ചിത്രത്തിലേതാണ്.

ആദ്യ ചിത്രം വൻ വിജയമായെങ്കിലും രഘുവിന് വലിയ അവസരങ്ങൾ തുടർന്ന് ലഭിച്ചില്ല. മുപ്പതോളം സിനിമയിൽ അഭിനയിച്ചെങ്കിലും കമലഹാസന്റെ അപൂർവ്വസഹോദരങ്ങളിലാണ് പിന്നീട് നല്ലൊരു വേഷം കിട്ടിയത്.ദൃശ്യം 2 ലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.അതിൽ ചായക്കടയിലെ സപ്ളയറുടെ വേഷമായിരുന്നു. ഒരു ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോളാണ് രഘുവിന്റെ മുന്നിൽ സിനിമയുടെ വാതിൽ തുറന്നത്.അട‌ഞ്ഞത് ചായക്കടയിലെ വേഷത്തിൽ അഭിനയിച്ചുകൊണ്ടും. അറുപതുവയസായിരുന്നു പ്രായം.മരജന എന്ന പേരിൽ രഘുവിനെക്കുറിച്ചൊരു ഹൃസ്വചിത്രം തയ്യാറായി വരികയായിരുന്നു.