റെംഡെസിവിർ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: ഡൽഹിയിൽ നഴ്‌സ് ഉൾപ്പെടെ 4 പേർ പിടിയിൽ

Wednesday 05 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് രോഗികൾക്കുള്ള റെംഡെസിവിർ ഇൻജക്ഷൻ ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വില്പനനടത്തിയ നഴ്സ് ഉൾപ്പെടെ നാലു പേർ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹി മൂൽചന്ദ് ആശുപത്രിയിലെ താത്കാലിക നഴ്സായ ലളിതേഷ് ചൗഹാൻ (24), സുഹൃത്ത് ശുഭം പട്നായിക് (23), സഹായികളായ വിശാൽ കശ്യപ് (22), വിപുൽ വർമ (29) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് രോഗികളുടെ ഇൻജക്ഷൻ ലളിതേഷ് ചൗഹാൻ മോഷ്ടിച്ച് മറ്റുള്ളവർക്ക് കൈമാറും. അവരിത് ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വില്പന നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് രോഗിയുടെ ബന്ധുക്കൾക്ക് ഇൻജക്ഷൻ വിൽക്കുന്നതിനിടെയാണ് വിപുലിനെ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

കൊവിഡ് വാർഡിലാണ് ലളിതേഷ് ചൗഹാന് ജോലി. മരിച്ചവരുടെ റെംഡെസിവിർ ഇൻജക്ഷന് പുറമെ, ഇൻജക്ഷൻ ഉപയോഗിച്ചെന്ന കൃത്രിമരേഖയുണ്ടാക്കി ചികിത്സയിലുള്ളവരുടേതും ഇവർ മോഷ്ടിച്ചിരുന്നു. ഇത് പിന്നീട് സുഹൃത്തായ ശുഭം പട്നായിക്കിന് കൈമാറും. ഇയാൾ ഒരു ഇൻജക്ഷന് 25,000 മുതൽ 35,000 രൂപ വരെ ഈടാക്കി വിശാലിനും വിപുലിനും നൽകും. അവരിത് 50,000 രൂപയ്ക്ക് കരിഞ്ചന്തയിൽ വിൽക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവിർ ഇൻജക്ഷനും ഓക്സിജൻ സിലിൻഡറുകളും കരിഞ്ചന്തയിൽ ഉയർന്ന വില ഈടാക്കി വിൽക്കുന്നത് ഡൽഹിയിൽ വ്യാപകമായിരിക്കുകയാണ്. ഇതുവരെ 49 കേസുകളാണ് ഇതു സംബന്ധിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ഓക്സിജൻ സിലിൻഡറും മരുന്നും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 24 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 91 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും 425 റെംഡെസിവിർ ഇൻജക്ഷൻ കണ്ടെടുത്തതായും ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ പറഞ്ഞു.