ശാസ്ത്രജ്ഞൻ മനസ് ബിഹാരി വർമ്മ അന്തരിച്ചു

Wednesday 05 May 2021 12:00 AM IST
manas bihari verma

ന്യൂഡൽഹി: തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ മനസ് ബിഹാരി വർമ്മ അന്തരിച്ചു. 78 വയസായിരുന്നു. ബീഹാറിലെ ദർബംഗയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ അടുത്ത സുഹൃത്തും സഹപ്രവ‌ർത്തകനുമായിരുന്നു. 2018ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

ബംഗളൂരുവിലെ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് എജൻസിയിൽ (എ.ഡി.എ) പ്രോഗ്രാം ഡയറക്ടറായിരിക്കെയാണ് കലാമിനൊപ്പം പ്രവർത്തിച്ചത്. 2005ൽ എ.ഡി.എ ഡയറക്ടറായാണ് വിരമിച്ചത്.

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി 2010ൽ ബീഹാറിലെ ഗ്രാമങ്ങളിൽ മൊബൈൽ സയൻസ് ലബറോട്ടറി വാനുകൾ അദ്ദേഹം തുടങ്ങിയിരുന്നു. ബീഹാർ ഗവർണർ ഫാഗു ചൗഹാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവ‌ർ അനുശോചിച്ചു.