പുതിയ പ്രതീക്ഷ തൊഴിൽ പദ്ധതികളിൽ

Wednesday 05 May 2021 12:08 AM IST

ഭരണത്തുടർച്ച ലഭിച്ച എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ പരിഗണന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്കായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനത്തിന് ഇതിലൂടെയല്ലാതെ മോചനമില്ലെന്ന് വെറുതെ പറയുന്നതല്ല. കേരളപ്പിറവി മുതൽ തൊഴിലില്ലായ്മ ഗുരുതരമായ പ്രശ്നമായി ഓരോ സർക്കാരിന്റെയും മുന്നിലുണ്ടായിരുന്നു. എന്നാൽ വർദ്ധിച്ച തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഉള്ള തൊഴിലവസരങ്ങൾ നഷ്ടപ്പെടാതെ നിലനിറുത്താനോ പലപ്പോഴും കഴിഞ്ഞില്ല എന്നതാണു വസ്തുത.

യുവാക്കളിൽ നല്ലൊരു ഭാഗം സംസ്ഥാനം വിട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ തൊഴിൽ തേടി പോകേണ്ടിവന്നു. ഒട്ടേറെപ്പേർക്ക് അന്യസംസ്ഥാനങ്ങൾ ആശ്രയം നൽകി. കേരളം ഇന്നത്തെ രൂപത്തിലായി വളർന്നതിനു പിന്നിൽ പ്രവാസികളുടെ സംഭാവനകൾ വളരെ വലുതാണ്. എന്നാൽ ഒരു വർഷം മുൻപ് ലോകമാകെ പടരുകയും ഇപ്പോഴും രൂക്ഷമായി തുടരുകയും ചെയ്യുന്ന കൊവിഡ് മഹാമാരി തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളം മാത്രമല്ല രാജ്യമൊട്ടാകെ അതിന്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

വീണ്ടും അധികാരമേൽക്കാൻ പോകുന്ന സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്ക് ഏറ്റവും മുന്തിയ പരിഗണന നൽകുമെന്ന് പിണറായി വിജയൻ പറയുമ്പോൾ അതു വീൺവാക്കാകില്ലെന്ന് ഉറപ്പാണ്. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. അൻപതു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാവശ്യമായ കർമ്മപദ്ധതികൾ നടപ്പാക്കുകയാണ് പുതിയ സർക്കാരിന്റെ ദൗത്യം. വലിയ വെല്ലുവിളി തന്നെയാണിത്.

എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്തേ മതിയാവൂ. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കേണ്ടിവരും. നിലവിലുള്ള മേഖലകൾ ശക്തിപ്പെടുത്തുകയും വേണം. സാങ്കേതിക ജ്ഞാനവും വൈദഗ്ദ്ധ്യവും പരിചയസമ്പത്തുമുള്ളവർ എത്രവേണമെങ്കിലും ഇവിടെയുണ്ട്. അതിനാൽ ഏതു സംരംഭത്തിലും യോഗ്യതയുള്ളവരെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ സർക്കാർ വളരെ ഉദാരമാക്കിയിരുന്നു. സ്റ്റാർട്ടപ്പുകളോടുള്ള സമീപനവും അങ്ങേയറ്റം ഉദാരമാണ്.

ആവശ്യം കണ്ടറിഞ്ഞുള്ള കൊച്ചുകൊച്ചു സംരംഭങ്ങൾ വൻതോതിൽ നിലവിൽ വന്നാൽത്തന്നെ അനേകം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. അന്യസംസ്ഥാനങ്ങൾ പലതും ഇത്തരം ചെറിയ സംരംഭങ്ങളുടെ കരുത്തിലാണ് വളർച്ച നേടുന്നത്. കെട്ടിട നിർമ്മാണ വസ്തുക്കളുടെ കാര്യമെടുക്കാം. അതിൽ കേരളത്തിന്റെ സംഭാവന എന്തുണ്ട് എന്നു നോക്കിയാലറിയാം നമ്മുടെ പാപ്പരത്തം. മുള്ളാണി മുതൽ മുന്തിയ ഇനം ലോക്ക് വരെ എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. ഭക്ഷ്യവസ്തുക്കളിലെന്നപോലെ ഏത് ഉത്‌പന്നത്തിനും പുറത്തുള്ളവരെ ആശ്രയിച്ചാണ് നാം മുന്നോട്ടുപോവുന്നത്. ഈ പ്രവണത ഘട്ടംഘട്ടമായെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞാൽ വ്യവസായ മേഖല പുഷ്ടിപ്പെടും. ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്യും. കൊവിഡ് ഏറെക്കാലം നീണ്ടുനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അങ്ങനെ വന്നാൽ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാവും. പ്രവാസികളും കൂടുതലായി എത്തും. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുകയാണു വേണ്ടത്.

Advertisement
Advertisement