കാലുവാരിയ നേതാക്കളാര്? കോൺഗ്രസ് ഉടച്ചുവാർക്കണമെന്ന് ആവശ്യം

Wednesday 05 May 2021 12:00 AM IST

തൃശൂർ: കോൺഗ്രസിലെ പ്രവർത്തകരെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായപ്പോൾ, ചില നേതാക്കൾ മാത്രം കാലുവാരിയെന്നും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നെന്നും തൃശൂരിൽ പരാജയപ്പെട്ട പത്മജ വേണുഗോപാൽ തുറന്നടിച്ചതോടെ കോൺഗ്രസിലെ പ്രതിഷേധസ്വരങ്ങൾ കടുത്തു.

ഭാരവാഹികളെ അഴിച്ചുപണിതും മൊത്തത്തിൽ ഉടച്ചുവാർത്തും പ്രവർത്തനശൈലി പൊളിച്ചെഴുതിയും കോൺഗ്രസിനെ രക്ഷിക്കണമെന്ന മുറവിളിയും നേതാക്കൾക്കെതിരെയുള്ള പ്രതിഷേധങ്ങളും ജില്ലയിൽ മുറുകിയിട്ടുണ്ട്. ഡി.സി.സി ഭാരവാഹികൾ നൂറിലേറെ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ കഴിവും സന്നദ്ധതയുമുള്ളവർ മൂന്നിലൊന്ന് പോലുമില്ലെന്ന വികാരമാണ് പ്രവർത്തകർ ഉയർത്തുന്നത്. നേതൃത്വം നൽകാൻ കഴിവുളള 30 പേർ മാത്രം ജില്ലാ ഭാരവാഹികളായി മതിയെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ ഭാരവാഹികളാക്കുന്നതും ബൂത്ത് പ്രസിഡന്റ് പോലും ആകാൻ യോഗ്യതയും കഴിവുമില്ലാത്തവർ പേരിനൊരു പദവിയുമായി നടക്കുന്നതുമാണ് പ്രവർത്തകരെ ഏറെ ചൊടിപ്പിക്കുന്നത്. താഴേത്തട്ടിൽ ചോരനീരാക്കി പ്രവർത്തിക്കുന്നവരുടെ പ്രയത്‌നം പാഴാകുന്നതും അവരെ വേദനിപ്പിക്കുന്നുണ്ട്. അയൽക്കാരുമായി പോലും സമ്പർക്കമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം തന്നെയാണ് നേതാക്കൾക്കും ഉള്ളത്.

  • തദ്ദേശത്തിൽ അനുഭവിച്ചു, പഠിച്ചില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫ് തകർന്നിട്ടും ഒരു മാറ്റം ഉണ്ടാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമായി. ജില്ലാ ഭാരവാഹികൾക്കൊപ്പം സംസ്ഥാന കമ്മിറ്റികളിലും മാറ്റം വരണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സ്വന്തം മണ്ഡലത്തിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാത്തവർക്കെതിരെ നടപടി വേണം. എതിരായി പ്രവർത്തിച്ചവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ക്രൈസ്തവ സമുദായത്തിന് കൂടുതൽ പ്രാധാന്യം നൽകിയെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. തീരദേശ മേഖലയിൽ അത് ഗുണം ചെയ്തില്ലെന്നും പറയുന്നു. പുതുമുഖങ്ങളായ സ്ഥാനാർത്ഥികൾക്ക് ജനങ്ങളുടെ ഇടയിൽ പ്രതിച്ഛായ സൃഷ്ടിക്കാനായില്ല.

  • തട്ടകം മാറിയ സ്ഥാനാർത്ഥികൾ

സ്വന്തം നാട് ഉൾപ്പെടുന്ന മണ്ഡലത്തിൽ മത്സരിക്കാതെ മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായതും തിരിച്ചടിയായി പറയുന്നു. അതിനുമാത്രമുളള പ്രതിച്ഛായ ഉണ്ടെങ്കിൽ മാമ്രേ അത് ഗുണം ചെയ്യുകയുളളൂവെന്ന വിലയിരുത്തലും ചില നേതാക്കൾക്കിടയിലുണ്ട്. കുന്നംകുളത്തും തൃശൂരും ശക്തമായ മത്സരം തന്നെയാണ് കാഴ്ച വച്ചതെന്ന സംതൃപ്തിയും ചാലക്കുടിയിലെ ജയവുമാണ് ഇപ്പോഴും കോൺഗ്രസിന് ആശ്വാസം നൽകുന്നത്.

  • മറ്റ് കാരണങ്ങൾ
  • ഡി.സി.സി പ്രസിഡന്റ് സ്ഥാനം ചൊല്ലി ഒന്നരവർഷക്കാലമുണ്ടായ അസംതൃപ്തിയും അനിശ്ചിതാവസ്ഥയും തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെ ബാധിച്ചു.
  • പ്രകൃതിദുരന്തങ്ങളിലും പ്രളയകാലത്തും കൊവിഡ് പ്രതിരോധത്തിലും ജനങ്ങൾക്കൊപ്പം നിൽക്കാനോ ഒത്തൊരുമയോടെ പ്രവർത്തിക്കാനോ കഴിഞ്ഞില്ല.
  • ചിട്ടയോടെ, അടിത്തട്ടിലുളള പ്രചാരണപ്രവർത്തനം നടത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ചിലർ രാജിവയ്ക്കുകയും സ്ഥാനാർത്ഥിനിർണയത്തിന് മുൻപേയുളള കലഹം പ്രതിഫലിക്കുകയും ചെയ്തു.
  • പരസ്യപ്രതിഷേധമോ പ്രതികരണമോ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉണ്ടായില്ലെങ്കിലും ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ രഹസ്യമായി ചിലർ പ്രവർത്തിച്ചതായും ആരോപണമുണ്ട്.