കൊവിഡ് ബാധിതനായ പിതാവിന് വെള്ളം കൊടുക്കാൻ ശ്രമിക്കുന്ന മകൾ, തടഞ്ഞ് അമ്മ; പിന്നാലെ മരണം
ഹൈദരാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൃദയം തകർക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നോവ് പരത്തുകയാണ്.
കൊവിഡ് ബാധിതനായി വീടിനു സമീപം തളർന്നു കിടക്കുന്ന പിതാവിന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളെ തടയുന്ന അമ്മയാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾക്കകം അദ്ദേഹം മരിക്കുകയും ചെയ്യുന്നു. അമ്പതുകാരനാണ് മരിച്ചത്.വിജയവാഡയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കൊവിഡ് ബാധിതനായ ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്.
ഗ്രാമവാസികൾ ഇദ്ദേഹത്തെ തടഞ്ഞു.വീട്ടിലേക്കും കയറാൻ അനുവദിച്ചില്ല. ആരോഗ്യനില ഗുരുതരമായ പിതാവിന് പതിനേഴുകാരി വെള്ളം കൊടുക്കാൻ നോക്കുമ്പോൾ, രോഗം പകരുമോ എന്ന് പേടിച്ച് അമ്മ തടയുകയാണ്. എന്നാൽ അമ്മയുടെ എതിർപ്പുകൾ അവഗണിച്ച് മകൾ കുപ്പിയിൽ അച്ഛന് വെള്ളം കൊടുക്കുന്നുണ്ട്.