കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽകിഴവന്മാർ; ഇനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങുമെന്ന് കെഎസ്‍യു നേതാവ്

Wednesday 05 May 2021 9:30 PM IST

തിരുവനന്തപുരം: കോൺ​ഗ്രസിലെ ​ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്. വെന്റിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽകിഴവന്മാർ. ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ എന്നും റംഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിയുടെ ബാറ്റൺ, കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക. അതിനുള്ള വിധിയാണ് മേയ് രണ്ടിന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും. അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരുമെന്നും റംഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി. റംഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വെന്റിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽ കിഴവന്മാർ.ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ?
പാർട്ടിയുടെ ബാറ്റൺ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക, അതിനുള്ള വിധിയാണ് may 2 ന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും, അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരും...

കോൺ​ഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായതിനു പിന്നാലെ ആര്യാടന്‍ മുഹമ്മദിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ എ ഗ്രൂപ്പ് നേതാക്കൾ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍, കെ. ബാബു, എം.എം. ഹസൻ എന്നിവര്‍ യോ​ഗത്തിൽ പങ്കെടുത്തതായാണ് വിവരം. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എം.എം. ഹസനും കെ. ബാബുവും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിനു വേണ്ടി അണികൾക്കിടയിൽ മുറവിളി ഉയരുകയാണ്.